Pathanamthitta local

കോന്നിയില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും: കാനം രാജേന്ദ്രന്‍



പത്തനംതിട്ട: കോന്നിയിലെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കണമെന്നു തന്നെയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനം, റവന്യുവകുപ്പ് സംയുക്ത പരിശോധനയിലൂടെ മാത്രമേ വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ പട്ടയം നല്‍കാനാകൂ. മറിച്ചു നല്‍കിയ പട്ടയങ്ങളാണ് റദ്ദാക്കിയത്. അര്‍ഹതയുള്ള മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കണമെന്ന് സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനാവശ്യമായ നടപടികക്രമങ്ങള്‍ ആരംഭിക്കാന്‍ ഇരുവകുപ്പുകളോടും ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഓരോതവണയും തടസങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവയില്‍ നല്ലൊരു പങ്കും നീക്കം ചെയ്തത് ഇടതു ഭരണകാലത്തു മാത്രമാണ്. കര്‍ഷകര്‍ക്കു പട്ടയം ലഭിക്കുന്നതിനുവേണ്ടി സുപ്രീംകോടതിവരെ പോകേണ്ടിവന്നിട്ടുണ്ട്. ഇത്തരം നയങ്ങള്‍ തന്നെ തുടരും. കോന്നിയിലെ അഞ്ച് വില്ലേജുകളിലും നല്‍കിയ പട്ടയം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ വനഭൂമിയാണെന്നു തഹസീല്‍ദാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും അതു നടപടിക്രമങ്ങളുടെ ഭാഗമാണെന്നായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി.  കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയത് പട്ടയമായിരുന്നില്ലെന്നും വ്യാജരേഖയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. റാന്നിയില്‍ റവന്യു - വനം വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കുശേഷമാണ് പട്ടയം നല്‍കിയത്. അവിടെ നല്‍കിയ പട്ടയങ്ങള്‍ ബാങ്കുകള്‍ അടക്കം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കോന്നിയില്‍ നല്‍കിയത് 1858 വ്യാജരേഖകളാണ്. ഇത് ബാങ്കുകളില്‍ സ്വീകാര്യമായിരുന്നില്ല. ആറന്മുളയിലെ വിമാനത്താവളത്തിനുവേണ്ടി നിര്‍ദേശിക്കപ്പെട്ട സ്ഥലം മിച്ചഭൂമിയായി ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതിലെ കാലതാമസം സംബന്ധിച്ച് പരിശോധിക്കുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.  മിച്ചഭൂമി പ്രഖ്യാപനം എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത് നല്ല ഉദ്ദേശ്യത്തിലാണ്. അതിനെ അട്ടിമറിക്കാനുള്ള നീക്കമുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും  കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it