Flash News

കോണ്‍ഫെഡറേഷന്‍ കപ്പ് രണ്ടാം സെമി; ജര്‍മനി മെക്‌സിക്കോയെ നേരിടും



കസാന്‍: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയും മെക്‌സിക്കോയും തമ്മില്‍ ഏറ്റുമുട്ടും. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവ താരനിരയുമായി കളിക്കുന്ന ജര്‍മനിക്ക് മെക്‌സിക്കോയുടെ കരുത്തിനെ വെല്ലാനാവുമോയെന്ന് കണ്ടുതന്നെ അറിയണം.യുവ താരങ്ങളാല്‍ സമ്പന്നമായ ജര്‍മനിയുടെ കരുത്ത് പരിശീലകന്‍ ജോക്കിം ലോയുടെ തന്ത്രങ്ങളാണ്. ജര്‍മന്‍ ടീമിനെ ലോകകപ്പില്‍ മുത്തമിടാന്‍ സഹായിച്ച ലോയുടെ പരിശീലന മികവ് കോണ്‍ഫെഡറേഷന്‍ കപ്പിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ജര്‍മനിയുടെ ആരാധകരുള്ളത്. നിലവിലെ ലോക റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള ജര്‍മനി ജൂലിയര്‍ ഡ്രാക്‌സലറിന്റെ നായകത്വത്തിലാണ് കോണ്‍ഫെഡറേഷന്‍ കപ്പ് കളിക്കുന്നത്.     ഷ്‌കോഡ്രാന്‍ മുസ്താഫി, ജോഷ്വാ കിമ്മിച്ച് എന്നിവരുടെ പരിചയ സമ്പന്നതയ്‌ക്കൊപ്പം ടിമോ വെര്‍ണര്‍, സാന്‍ഡ്രോ വാഗ്‌നര്‍, ജൂലിയന്‍ ബ്രാന്‍ഡ് തുടങ്ങിയ താരങ്ങളും ജര്‍മനിക്ക് പ്രതീക്ഷ നല്‍കുന്നു. മാനുവല്‍ നൂയറിന്റെ അഭാവത്തില്‍ ബെര്‍ണാണ്ടോ ലിനോ കെവിന്‍ ട്രാപ്പ് എന്നിവരില്‍ ഒരാളാവും ജര്‍മനിയുടെ ഗോള്‍വല കാക്കാന്‍ ഇറങ്ങുക.  ആദ്യ മല്‍സരത്തില്‍ ആസ്‌ത്രേലിയയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനി ടൂര്‍ണമെന്റിലേക്കുള്ള വരവറിയിച്ചത്. എന്നാല്‍ രണ്ടാം മല്‍സരത്തില്‍ കരുത്തരായ ചിലിയോട് ജര്‍മനിക്ക് 1-1 സമനില പങ്കിടേണ്ടി വന്നു. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ കാമറൂണിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നാണം കെടുത്തിയാണ് ജര്‍മനി സെമിയിലേക്കുള്ള ടിക്കറ്റെടുത്തത്. അതേപോലെ ചാംപ്യന്‍ഷിപ്പിലെ മികച്ച അറ്റാക്കിങ് ടീമെന്ന ബഹുമതിയും ജര്‍മനിക്കൊപ്പമാണ്. എതിര്‍ ഗോള്‍മുഖത്ത് 46 ഗോള്‍ ശ്രമങ്ങള്‍ നടത്തിയ ജര്‍മനിയുടെ ആക്രമണത്തെ ചെറുക്കാന്‍ മെക്‌സിക്കോയ്ക്ക് നന്നായി തന്നെ വിയര്‍പ്പൊഴുക്കേണ്ടി വരും. ഗോള്‍ വേട്ടക്കാരില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം ജര്‍മന്‍ നിരയില്‍ നിന്ന് ടിമോ വെര്‍ണറും ലാര്‍സ് സ്റ്റിന്‍ഡിലും സ്ഥാനം പിടിച്ചിട്ടുണ്ട്. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളാണ് ഇവരുടെ സമ്പാദ്യം.  അവസാനം കളിച്ച 13 മല്‍സരങ്ങളിലും പരാജയം അറിയാതെയാണ് ജര്‍മനിയുടെ കുതിപ്പ്.കോണ്‍കാകാഫ് കപ്പ് കിരീടത്തോടെ കോണ്‍ഫെഡറേഷന്‍ കപ്പ് കളിക്കാനെത്തിയ മെക്‌സിക്കോ ജര്‍മനിക്ക് ഭീഷണി ഉയര്‍ത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. റാങ്കിങില്‍ 17ാം സ്ഥാനക്കാരാണെങ്കിലും കളി മികവില്‍ വമ്പന്‍മാരെ പോലും വിറപ്പിക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് ഇതിനോടകം തന്നെ മെക്‌സിക്കോ തെളിയിച്ച് കഴിഞ്ഞു.  ഹവിയര്‍ ഹെര്‍ണാണ്ടസ് എന്ന മെക്‌സിക്കോയുടെ സ്വകാര്യ അഹങ്കാരത്തിലാണ് കോണ്‍ഫഡറേഷന്‍ കപ്പിലെ മെക്‌സിക്കോയുടെ പ്രതീക്ഷകള്‍. 2015 ല്‍ സ്ഥാനമേറ്റെടുത്ത യുവാന്‍ കാര്‍ലോസിന്റെ കീഴില്‍ രണ്ട് മല്‍സരങ്ങളില്‍ മാത്രമാണ് മെക്‌സിക്കോ തോല്‍വി അറിഞ്ഞത്.    മുന്നേറ്റ നിരയില്‍ ഹവിയര്‍ ഹെര്‍ണാണ്ടസിനൊപ്പം മാര്‍ക്കോസ് ഫാബിയന്‍, ഓര്‍ബി പെരാല്‍റ്റ, ഹിര്‍വിങ് ലോസാനോ എന്നിവരും ഇറങ്ങുമ്പോള്‍ മെക്‌സിക്കോയെ എതിരാളികള്‍ ഭയക്കുക തന്നെ ചെയ്യണം.ആദ്യ മല്‍സരത്തില്‍ ശക്തരായ പോര്‍ച്ചുഗലിനെ 2-2 ന്് തളച്ച മെക്‌സിക്കോ രണ്ടാം മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെ 2-1ന് മുട്ടുകുത്തിച്ചു. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ആതിഥേയരായ റഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് മെക്‌സിക്കോ സെമിയിലെ സീറ്റ് ഉറപ്പിച്ചത്.
Next Story

RELATED STORIES

Share it