thrissur local

കോണ്‍ഗ്രസ് സ്വതന്ത്രനെ ഡെപ്യൂട്ടി മേയറാക്കാനുള്ള നിര്‍ദേശം സിപിഐ തള്ളി



തൃശൂര്‍: കോണ്‍ഗ്രസ് സ്വതന്ത്രനെ സിപിഐയില്‍ സ്വീകരിച്ച് ഡെപ്യൂട്ടി മേയറാക്കാനുള്ള സിപിഎം നിര്‍ദേശം സിപിഐ തള്ളി.എല്‍ഡിഎഫിന് കൗണ്‍സിലില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഭൂരിപക്ഷം സൃഷ്ടിക്കാനാണ് ഇത്തരമൊരു നിര്‍ദേശം സിപിഎം ഭരണനേതൃത്വം മുന്നോട്ട് വച്ചത്. മാധ്യമങ്ങളില്‍ വാര്‍ത്തയും നല്‍കിയിരുന്നു. അങ്ങിനെയൊരു നീക്കത്തിന് തങ്ങളുടെ പിന്തുണയില്ലെന്നും സിപിഐക്ക് കൗണ്‍സിലര്‍മാരുള്ളപ്പോള്‍ പുറത്തുനിന്നൊരാളെ സ്വീകരിച്ച ഡെപ്യൂട്ടിമേയറാക്കേണ്ട കാര്യമില്ലെന്നും സിപിഐ ജില്ലാനേതാവ് പറഞ്ഞു.എല്‍ഡിഎഫിലെ ധാരണയനുസരിച്ച് മേയര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ ഓരോ വര്‍ഷം സിപിഐക്കാണ്. ധാരണയനുസരിച്ച് ഈ നവംബര്‍ 17ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി സ്ഥാനമൊഴിയണം. അടുത്തവര്‍ഷമാണ് മേയര്‍ സ്ഥാനത്തിനുള്ള സിപിഐയുടെ ഊഴം. ഓരോവര്‍ഷം വഹിക്കുന്ന സ്ഥാനം കാലാവധികഴിഞ്ഞാല്‍ സിപിഎമ്മിന് തിരിച്ച് നല്‍കണം.മേയര്‍സ്ഥാനം വനിത സംവരണമാണ്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് സ്വാഭാവികമായും പുരുഷനാകും. എന്നാല്‍ സിപിഐക്ക് മൂന്ന് വനിത അംഗങ്ങളേയുള്ളൂ. ആ നിലയില്‍ വനിത തന്നെ ഡെപ്യൂട്ടി മേയറാകും. മേയറും ഡെപ്യൂട്ടി മേയറും വനിതകള്‍ വഹിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കോര്‍പറേഷനാകും തൃശൂര്‍. 55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 26 പേരുടെ പിന്തുണയേയുള്ളൂ. രണ്ട് സ്വതന്ത്രരടക്കം 23 പേരാണ് യുഡിഎഫില്‍, 6 പേര്‍ ബിജെപിയും കോണ്‍ഗ്രസ് സ്വതന്ത്രരെ കൂറു മാറ്റിയാല്‍ ഭരണം സുഗമമാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. എന്നാല്‍ സ്വതന്ത്രന്മാരെ എല്‍ഡിഎഫില്‍ ചേര്‍ക്കുന്നതിനോട് സിപിഐക്ക് എതിര്‍പ്പില്ല. എന്നാല്‍ തങ്ങളുടെ അര്‍ഹതപ്പെട്ട സ്ഥാനം നല്‍കാനില്ലെന്നാണ് സിപിഐ നിലപാട്. സിപിഐ യെ ഒതുക്കി ഭരണം നിയന്ത്രണത്തിലാക്കുകയെന്ന തന്ത്രവും സിപിഎം നേതൃത്വത്തിനുണ്ടെന്ന ആശങ്കയും സിപിഐക്കുണ്ട്.മാത്രമല്ല, എല്‍ഡിഎഫിലും ഭിന്നതകള്‍ മറനീക്കി പുറത്തുവരുന്നുണ്ട്.
Next Story

RELATED STORIES

Share it