Editorial

കോണ്‍ഗ്രസ് വെല്ലുവിളികള്‍ഏറ്റെടുത്തേ മതിയാവൂ

ഗുജറാത്തില്‍ പരാജയമാണ് ഏറ്റുവാങ്ങിയതെങ്കിലും കോണ്‍ഗ്രസ്സുകാര്‍ ആഹ്ലാദത്തിലാണ്. രാഹുല്‍ഗാന്ധിയുടെ പുതിയ താരോദയം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വിജയം തളികയില്‍ കൊണ്ടുവച്ചുതരും എന്ന മട്ടിലാണ് പല നേതാക്കന്മാരുടെയും സംസാരം. ആത്മവിശ്വാസവും ആവേശവുമൊക്കെ നല്ലതു തന്നെ. പക്ഷേ, ജയിക്കാന്‍ ഇവ മാത്രം പോരാ. ഹിന്ദുത്വ ഫാഷിസത്തിനെതിരായുള്ള ജനാധിപത്യ മതേതര ബദല്‍ കെട്ടിപ്പടുക്കുകയും അതിനെ സുഭദ്രമായി നിലനിര്‍ത്തുകയും ചെയ്യുന്നതിന് കൃത്യമായ ദിശാബോധത്തോടു കൂടിയ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. രാഹുല്‍ഗാന്ധി അതിനു പാകമായിവരുന്നുമുണ്ട് എന്നതു ശരിതന്നെ. പക്ഷേ, നേതാവിനൊപ്പം അണികളും ആ പ്രക്രിയക്ക് സജ്ജമാവണം. സോണിയയെയും രാഹുലിനെയും പോലെ തീര്‍ത്തും മതേതര വ്യക്തിത്വമുള്ള നേതാക്കള്‍ കോണ്‍ഗ്രസ്സില്‍ അധികമില്ല എന്നതു നേരാണ്. എന്നാല്‍, അത്രയ്ക്കും മതേതരമാണോ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍? ഗുജറാത്തിലെ തിരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസ് പലപ്പോഴും ഊന്നല്‍ നല്‍കിയത് പാര്‍ട്ടിയുടെ മതേതരമുഖത്തിനല്ല. ഹിന്ദുവികാരങ്ങള്‍ തങ്ങള്‍ക്കെതിരാവരുത് എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തികഞ്ഞ ശ്രദ്ധപുലര്‍ത്തിയിരുന്നു. രാഹുല്‍ഗാന്ധിയുടെ ക്ഷേത്രസന്ദര്‍ശനങ്ങളും മുസ്‌ലിം ന്യൂനപക്ഷ നേതാക്കളില്‍ നിന്ന് അകലംപാലിക്കാന്‍ നടത്തിയ ശ്രമങ്ങളും മറ്റും ഈ പശ്ചാത്തലത്തിലാണു കാണേണ്ടത്. തീവ്ര വര്‍ഗീയ കാര്‍ഡിറക്കിയാണ് നരേന്ദ്രമോദിയും കൂട്ടരും തിരഞ്ഞെടുപ്പിനെ നേരിട്ടത്. പാകിസ്താനും ഹജ്ജും തീവ്രവാദവുമൊക്കെ മോദി തന്നെ ആവശ്യത്തിലേറെ വിളമ്പി.  ഈ തന്ത്രത്തെ നേരിടാന്‍ ഒരു പരിധിവരെ കോണ്‍ഗ്രസ്സിന്റെ മറുതന്ത്രം സഹായകമായെങ്കിലും അത് മൃദുഹിന്ദുത്വമായി രൂപാന്തരപ്പെട്ടാല്‍ അപകടമാവും. അത് ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുണ്ടാക്കുന്ന അരക്ഷിതബോധവും വിശ്വാസക്കുറവും ചെറുതായിരിക്കുകയില്ല. അതിനാല്‍ മതേതര ആശയങ്ങളെ മുറുകെ പിടിച്ചുകൊണ്ടുതന്നെയായിരിക്കണം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍. അതൊരു വിഷമകരമായ ദൗത്യമാണ്. പക്ഷേ, ഇന്നത്തെ അവസ്ഥയില്‍ കോണ്‍ഗ്രസ്സിനും രാഹുലിനും മാത്രമേ ആ ദൗത്യം ഏറ്റെടുക്കാനും മതേതര ജനാധിപത്യശക്തികള്‍ക്കു നേതൃത്വം നല്‍കാനും കഴിയൂ. ബിജെപിയുടെ മുന്നേറ്റത്തിനു തടയിടാന്‍ കോണ്‍ഗ്രസ്സിന് ഗുജറാത്തില്‍ സാധിച്ചു. വിവിധ ജാതിക്കാരെയും ദലിതുകളെയുമൊക്കെ കൂട്ടിയിണക്കി ഒരു മഴവില്‍സഖ്യമുണ്ടാക്കിയത് മികച്ച രാഷ്ട്രീയതന്ത്രമാണ്. പക്ഷേ, ഭാവിയില്‍ അതുമാത്രം പോരാ. ബിജെപി മുന്നോട്ടുവയ്ക്കുന്ന കോര്‍പറേറ്റുകള്‍ക്കും കുത്തകക്കാര്‍ക്കും വേണ്ടിയുള്ള വികസനമല്ല, കര്‍ഷകര്‍ക്കും ചെറുകിടക്കാര്‍ക്കും ഗ്രാമീണര്‍ക്കും അടിസ്ഥാനവര്‍ഗക്കാര്‍ക്കും ആശ്വാസം നല്‍കുന്ന ബദല്‍ വികസനമാതൃകയാണു തങ്ങളുടേതെന്ന് പാര്‍ട്ടി ജനങ്ങളെ ബോധ്യപ്പെടുത്തണം. അതിനു വേണ്ടത് കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക നയങ്ങളില്‍ ഒരു പൊളിച്ചെഴുത്താണ്. അങ്ങനെയൊരു ബദല്‍ മുഖം പ്രകടമാക്കിയാല്‍ മാത്രമേ രാഹുലിനും കോണ്‍ഗ്രസ്സിനും മുന്നോട്ടുപോവാന്‍ ഒക്കൂ.
Next Story

RELATED STORIES

Share it