കോണ്‍ഗ്രസ് കൗണ്‍സിലര്‍ അടക്കം 7 പേര്‍ അറസ്റ്റില്‍

കൊച്ചി: അന്തരിച്ച പ്രമുഖ ചിത്രകാരന്‍ അശാന്തന്‍ (മഹേഷ്)ന്റെ മൃതദേഹം ലളിതകലാ അക്കാദമിയുടെ മുന്‍വശത്ത് മുറ്റത്ത് പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനെ ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ആളുകളെത്തി തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവരടക്കം ഏഴു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ വി പി കൃഷ്ണകുമാര്‍, എറണാകുളം ശിവക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രാജേന്ദ്രപ്രസാദ്, ജനാര്‍ദനന്‍, പ്രദീപ്, രഘു, ഗിരിജ വല്ലഭന്‍, പി ആര്‍ കൃഷ്ണന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്യായമായി സംഘംചേരല്‍, പൊതുസ്ഥലത്ത് അസഭ്യം പറയുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി എറണാകുളം സെന്‍ട്രല്‍ പോലിസ് പറഞ്ഞു. ജനുവരി 31 നാണ് അശാന്തന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം ലളിതകലാ അക്കാദമിയുടെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയുടെ മുന്‍വശത്ത് മുറ്റത്ത് പൊതുദര്‍ശനത്തിന് വയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും സമീപത്തെ ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തില്‍ ഒരു വിഭാഗമെത്തി തടഞ്ഞു. ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ പാടില്ലെന്നും ക്ഷേത്രനടയുടെ നേരെയായതില്‍ വിശ്വാസ പരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നുമായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ തങ്ങള്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയക്കുന്നത് അക്കാദമിയുടെ മുറ്റത്താണെന്ന് ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ ഇവരെ അറിയിച്ചു. എന്നാല്‍ മുന്‍വശത്ത് വയ്ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ക്ഷേത്രം ഭാരവാഹികളും ഉറച്ചുനിന്നതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ ബഹളമായി തുടര്‍ന്ന് പോലിസെത്തി ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും ക്ഷേത്രം ഭാരവാഹികള്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ അക്കാദമിയുടെ സാധാരണയായി അധികം തുറക്കാറില്ലാത്ത വടക്കുകിഴക്കേ മൂലയിലുള്ള ഗേറ്റിലൂടെ അശാന്തന്റെ മൃതദേഹം ഉള്ളില്‍ കയറ്റി കിഴക്കുവശത്തുള്ള ചെറിയ വരാന്തയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അക്കാദമി സെക്രട്ടറിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലിസ് കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇന്നലെ ഏഴുപേരെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it