കോണ്‍ഗ്രസ്സും ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച തുടങ്ങി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കോണ്‍ഗ്രസ്സും ഘടകകക്ഷികളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് ആരംഭിച്ചു. മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്(എം), ആര്‍എസ്പി, കേരളാ കോണ്‍ഗ്രസ്(ജേക്കബ്) എന്നിവരുമായാണ് ഇന്നലെ ചര്‍ച്ച നടത്തിയത്.
മറ്റുള്ളവരുമായുള്ള ചര്‍ച്ച നാളെ നടക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും തമ്മിലുണ്ടായ ഭിന്നത പരിഹരിച്ചില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ലീഗ് നേതാക്കള്‍ ചര്‍ച്ചയില്‍ പറഞ്ഞു. ചില കോണ്‍ഗ്രസ് നേതാക്കളുടെ കടുംപിടിത്തമാണ് പരസ്പര മല്‍സരത്തിന് വഴിവച്ചതെന്ന ആരോപണവും ലീഗ് ആവര്‍ത്തിച്ചു. ചര്‍ച്ചയില്‍ നടന്ന കാര്യങ്ങള്‍ പരസ്യമായി പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ശക്തി വര്‍ധിപ്പിക്കാനും ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള ചര്‍ച്ചയായിരുന്നു നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഘടകകക്ഷികളോട് നീതിപൂര്‍വമായ സമീപനം ഉണ്ടാവണം. വിട്ടുവീഴ്ചാ മനോഭാവം വേണമെന്നും കക്ഷികള്‍ക്കുള്ളിലും കക്ഷികള്‍ തമ്മിലും ഐക്യം അനിവാര്യമാണെന്നും മാണി വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി.
നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. നിയമസഭയിലേക്ക് ഇരുകക്ഷികളും കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതായാണ് സൂചന. പ്രശ്‌നങ്ങളെല്ലാം വിശദമായി കേട്ടതായും പ്രാഥമികതല ചര്‍ച്ചകള്‍ക്കു ശേഷം വിശദമായ ചര്‍ച്ചകള്‍ നടത്തി അന്തിമതീരുമാനം എടുക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു. ജനതാദള്‍(യു) മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്നു കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി യുഡിഎഫിലെ ഘടകകക്ഷി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ്സിലെ അനൈക്യവും അതിരുകടന്ന ഗ്രൂപ്പിസവും സോണിയയെ നേരിട്ട് അറിയിക്കാനുള്ള നീക്കത്തിലാണ് ഘടകകക്ഷി നേതാക്കള്‍. പലവട്ടം ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും ഫലപ്രദമായ ഇടപെടലുണ്ടായിട്ടില്ലെന്ന പരാതിയും ഉന്നയിക്കും. യുഡിഎഫിനുള്ളിലെ സ്വരചേര്‍ച്ചയില്ലായ്മ, സംഘടനാ സംവിധാനത്തിലെ പാളിച്ച, കോണ്‍ഗ്രസ്സിലെ വിഴുപ്പലക്കല്‍ തുടങ്ങിയ കാര്യങ്ങളും നേതാക്കള്‍ സോണിയയെ ബോധ്യപ്പെടുത്തും.
Next Story

RELATED STORIES

Share it