കോണ്‍ഗ്രസ്സില്‍ സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട ഹരജി തള്ളി

കൊച്ചി: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്ന പ്രകാരം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. യൂത്ത് കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യാ സെക്രട്ടറിയും പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റുമായ അനില്‍ തോമസ് സമര്‍പ്പിച്ച ഹരജിയാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടി വ്യക്തികളുടെ കൂട്ടായ്മയാണെന്ന് ഹരജി തള്ളി കോടതി നിരീക്ഷിച്ചു. ജനപ്രാതിനിധ്യ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാം. അധികാരത്തിലില്ലാത്ത പാര്‍ട്ടി പൊതുസേവനത്തിന് ബാധ്യസ്ഥരല്ല. രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ട് സ്വന്തം ഇഷ്ടപ്രകാരമാണ് അവര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ പരിശോധിക്കും. അതുകൊണ്ട് മാത്രം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ പൊതുസേവനമായി കാണാനാവില്ല. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ നയപരിപാടികള്‍ സര്‍ക്കാരിനെ സ്വാധീനിക്കാമെങ്കിലും ആ പാര്‍ട്ടിയല്ല ഭരണം നടത്തുന്നത്. അതിനാല്‍, ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ പോലും പൊതുസേവനമായി കാണാനാവില്ല. പാര്‍ട്ടികളുടെ ആഭ്യന്തര തിരഞ്ഞെടുപ്പ് പോലെയുള്ള പ്രവര്‍ത്തനങ്ങളെ പൊതു ചുമതലകള്‍ക്കകത്ത് കാണാനാവില്ല.സംഘടനാ തിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. അത് പൊതുസേവനത്തിന്റെ പരിധിയില്‍ വരില്ല. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ള അംഗങ്ങള്‍ക്ക് അത് സംഘടനാ പരമായോ സിവില്‍ കോടതിയിലോ ഉയര്‍ത്താം. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. 2018 ജനുവരി ആദ്യവാരത്തിനുള്ളില്‍ ഭാരവാഹികളുടെ പട്ടിക നല്‍കാന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it