കോണ്‍ഗ്രസ്സിന് വിഷമകരമായ ദൗത്യം ഏറ്റെടുക്കേണ്ടി വന്നു: പി പി തങ്കച്ചന്‍

കൊച്ചി: കേരളത്തില്‍ കോണ്‍ഗ്രസ്സിന് രണ്ടു രാഷ്ട്രീയ പ്രതിയോഗികളെ ഒരേസമയം നേരിടുകയെന്ന വിഷമകരമായ രാഷ്ട്രീയ ദൗത്യം ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. അതുകൊണ്ട് വരാനിരിക്കുന്ന നാളുകള്‍ സുഖകരമായിരിക്കുകയില്ല. നേരത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് മുഖ്യപ്രതിയോഗി എങ്കില്‍ ഇപ്പോള്‍ എന്‍ഡിഎയും വന്നിരിക്കുകയാണ്. എറണാകുളം ഡിസിസിയുടെ നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു തങ്കച്ചന്‍.
ജനങ്ങളെ നേരിടുന്ന പൊതുപ്രശ്‌നങ്ങള്‍ പാര്‍ട്ടി ഏറ്റെടുത്ത് അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ അപ്പപ്പോള്‍ എത്തിക്കുകയും ആവശ്യമുള്ള ഘട്ടത്തില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുകയും വേണമെന്നും തങ്കച്ചന്‍ പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഇന്ന് സര്‍വകാല റെക്കോഡിലെത്തിയിരിക്കുകയാണ്. പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും പ്രത്യേകിച്ച് അരിവിലയും കുതിച്ചുയര്‍ന്നിരിക്കുകയാണ്. പാചകവാതകത്തിന്റെയും മറ്റ് പെട്രോളിയം ഉല്‍പന്നങ്ങളുടെയും വില അടിക്കടി വര്‍ധിപ്പിക്കുകയാണ്. കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ ഒരു മാനദണ്ഡവുമില്ലാതെ സ്ഥലം മാറ്റുകയും സര്‍ക്കാരിനെതിരേ സമരം ചെയ്ത കെഎസ്‌യു പ്രവര്‍ത്തകരെ ചെയ്യാത്തകുറ്റം ചുമത്തി ജയിലില്‍ അടച്ചിരിക്കുകയുമാണ്. അതുപോലെ കെഎസ്‌യു പ്രവര്‍ത്തകരെ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന് മുന്നില്‍വച്ച് പോലിസിന്റെ കണ്‍മുന്നിലിട്ട് മര്‍ദ്ദിച്ച സംഭവവും ഉണ്ടായി. ഭരണം തുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ ആദ്യമായാണ് നടക്കുന്നതെന്ന് പി പി തങ്കച്ചന്‍ പറഞ്ഞു. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പി എം സുരേഷ് ബാബു, മുന്‍ മന്ത്രി കെ ബാബു എന്നിവര്‍ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it