Districts

കോട്ടയത്ത് വിമതര്‍ക്ക് പിന്നാലെ ബാര്‍കോഴയും; യുഡിഎഫിന് വെല്ലുവിളി

ഷിനു പ്രകീര്‍ത്ത്

കോട്ടയം: യുഡിഎഫ് ഏറെ മുന്നേറ്റം പ്രതീക്ഷിക്കുന്ന കോട്ടയം ജില്ലയില്‍ വിമതര്‍ക്ക് പിന്നാലെ തിരഞ്ഞെടുപ്പിന്റെ അവസാന നാളില്‍ ബാര്‍ കോഴക്കേസും ചര്‍ച്ചാ വിഷയമാവുന്നത് മുന്നണിയെ പ്രതിരോധത്തിലാക്കുന്നു. ബാര്‍ കോഴക്കേസിലെ നിലപാട് എങ്ങനെ വോട്ടര്‍മാരോട് വിശദീകരിക്കുമെന്നറിയാതെ പ്രതിസന്ധിയിലാണ് മുന്നണി.
ജില്ലയില്‍ 65 ലേറെ വിമതരാണ് യുഡിഎഫിലുള്ളത്. യുഡിഎഫിനെ അപേക്ഷിച്ച് വിമതശല്യമില്ലാത്തതും മുന്നണിയില്‍ പടലപ്പിണക്കമില്ലാത്തതും എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും എസ്എന്‍ഡിപിയുടെ നിലപാടുകള്‍ വൈക്കം, കുമരകം മേഖലകളില്‍ തിരിച്ചടിയാവും. നിലമെച്ചപ്പെടുത്താനായി ജില്ലയിലെ പല ഭാഗങ്ങളിലും എസ്ഡിപിഐയും മല്‍സര രംഗത്തുണ്ട്. ജില്ലാപഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലും ചങ്ങനാശ്ശേരി, പാലാ, കോട്ടയം നഗരസഭകളിലും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിന് വിമതശല്യമുണ്ട്. ചങ്ങനാശ്ശേരിയില്‍ മുന്‍ കെപിസിസി സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യനെതിരേ യുത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജാണ് വിമതനായി മല്‍സരിക്കുന്നത്. ഇവിടെ ഒരു വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ ജെഡിയു നേതാവും മല്‍സരിക്കുന്നു.
15 പഞ്ചായത്തുകളിലാണ് യുഡിഎഫിന് വിമതശല്യമുള്ളത്. മരങ്ങാട്ടുപിള്ളി, ഉഴവൂര്‍ പഞ്ചായത്തുകളിലെ പലവാര്‍ഡുകളിലും കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നു.
പുതുതായി രൂപീകരിച്ച ഈരാറ്റുപേട്ട നഗരസഭയിലാണ് എസ്ഡിപിഐ ഏറ്റവും ശക്തമായ മല്‍സരം കാഴ്ചവയ്ക്കുന്നത്. ആകെയുള്ള 28 വാര്‍ഡില്‍ 13 വാര്‍ഡുകളിലാണ് എസ്ഡിപിഐ മല്‍സരിക്കുന്നത്. ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭകളിലെ ചില വാര്‍ഡുകളിലും ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലും എസ്ഡിപിഐ മല്‍സര രംഗത്തുണ്ട്. പാറത്തോട്, കാഞ്ഞിരപ്പള്ളി, വാഴൂര്‍, മാടപ്പള്ളി, തീക്കോയി, മുണ്ടക്കയം പഞ്ചായത്തുകളിലും എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ മാറ്റുരയ്ക്കുന്നു. ജില്ലയില്‍ 15 വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും നാല് സീറ്റില്‍ പിഡിപിയും മല്‍സരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it