കോട്ടയത്ത് ഉപതിരഞ്ഞെടുപ്പു നേരിടാന്‍ യുഡിഎഫ് തയ്യാറുണ്ടോയെന്നു കോടിയേരി

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫും കേരളാ കോണ്‍ഗ്രസ്സും (എം) തയ്യാറുണ്ടോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അടുത്ത തിരഞ്ഞെടുപ്പില്‍ ഇവിടം സുരക്ഷിതമല്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് ജോസ് കെ മാണി രാജ്യസഭയിലേക്ക് പോവാന്‍ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു.
'ജാത്യാചാരവേട്ട'യ്‌ക്കെതിരേ പട്ടികജാതി ക്ഷേമസമിതി കോട്ടയത്ത് സംഘടിപ്പിച്ച മാനവിക സംഗമ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം മണ്ഡലത്തില്‍ ഇനി ഒരു വര്‍ഷത്തേക്ക് എംപിയില്ലാത്ത സ്ഥിതിയാണ്. ഇതോടെ, ഏഴുകോടിയുടെ ആസ്തിവികസന ഫണ്ട് മണ്ഡലത്തിന് നഷ്ടമാവും. 'ഡബിള്‍ റോള്‍' അഭിനയിച്ച് ജോസ് കെ മാണി വോട്ട് ചെയ്തു ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പോടെ കേരളത്തില്‍ ഇനി രക്ഷയില്ലെന്ന് കോണ്‍ഗ്രസ്സിനും യുഡിഎഫിനും മനസ്സിലായി. ഇനി ഇടതുപക്ഷത്തിനേ ഇവിടെ പ്രസക്തിയുള്ളൂവെന്ന് ചെങ്ങന്നൂരിലെ വോട്ടര്‍മാരിലൂടെ ജനം പ്രതികരിച്ചു. ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസ് പിന്നില്‍ നിന്നു കുത്തിയെന്നു പറഞ്ഞാണ് കെ എം മാണി യുഡിഎഫ് വിട്ടത്. ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയാണ് തനിക്കെതിരേ ബാര്‍ കോഴക്കേസുണ്ടാക്കിയതെന്നും പറഞ്ഞു. 'സ്‌നേഹം തിരിച്ചുകിട്ടി'യെന്നാണ് ഇപ്പോള്‍ മാണി പറയുന്നത്. എന്താണ് ആ സ്‌നേഹമെന്നും കോണ്‍ഗ്രസ്സില്‍ നിന്ന് അന്നു കിട്ടിയ കുത്തിന്റെ വേദന മാറിയോ എന്നും മാണി വ്യക്തമാക്കണം. മാണി തിരിച്ചെത്തിയപ്പോള്‍ കോണ്‍ഗ്രസ്സില്‍ കൂട്ടയടിയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്നാമതൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തുമോയെന്നാണ് എല്ലാവരും ചോദിക്കുന്നത്. തങ്ങള്‍ അതിനില്ല. കാരണം, കോണ്‍ഗ്രസ്സിനുള്ളില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ പ്രശ്‌നമല്ല, സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള കലഹമാണ്. ഈ തമ്മിലടി കണ്ടു കേരളം കോണ്‍ഗ്രസ്സിനെയും യുഡിഎഫിനെയും വിലയിരുത്തും.
ഇപ്പോള്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ രാജ്യസഭയിലേക്ക് ജോസ് കെ മാണിക്കെതിരേ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തണം. അങ്ങനെ രണ്ടാമതൊരു സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ്സുകാര്‍ നിര്‍ത്തിയാല്‍ മറ്റു കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it