thrissur local

കോട്ടമുറി വലിയപറമ്പ് റോഡില്‍ യാത്രാദുരിതം

മാള: വെള്ളം ഒഴുകിപ്പോകാനുള്ള തോട് അടച്ചതിനെ തുടര്‍ന്ന് കോട്ടമുറി വലിയപറമ്പ് റോഡില്‍ യാത്രാദുരിതം രൂക്ഷമായി. വലിയപറമ്പില്‍ തോട് കയേറി നികത്തിയതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളക്കെട്ട് മൂലം കാല്‍നട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഏറെ ദുരിതത്തിലാണ്. വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് കാല്‍നട യാത്രക്കാരാണ് ഇതുവഴി പോകുന്നത്. ഇതിനിടയില്‍ വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ ചെളിവെള്ളത്തില്‍ കുളിക്കുന്നതും പതിവാണ്. വെള്ളക്കെട്ട് കൂടാതെ റോഡിലെ കുഴിയും അപകടത്തിനിടയാക്കുന്നുണ്ട്. മതിലുകള്‍ കെട്ടിയും തോട് നികത്തിയും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയതാണ് ഇവിടെ വെള്ളക്കെട്ടിനിടയാക്കിയത്. മാളയില്‍ നിന്ന് അന്നമനടയിലേക്കുള്ള പൊതുമരാമത്ത് റോഡിലാണ് ഏറെക്കാലമായി വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. ദിനംപ്രതി നിരവധി വാഹനങ്ങളും യാത്രക്കാരുമാണ് അപകടത്തിനിരയാകുന്നത്. വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത് പൊതുമരാമത്ത് റോഡിലാണെങ്കിലും വെള്ളം ഒഴുകിപ്പോയിരുന്ന തോട് നികത്തിയിരിക്കുന്നത് പൂര്‍വസ്ഥിതിയിലാക്കാനുള്ള ചുമതല റവന്യു വകുപ്പിനാണ്. ഇരു വകുപ്പുകളും തമ്മിലുള്ള ഏകോപനമില്ലായ്മയും പ്രശ്‌നപരിഹാരത്തിന് തടസമായിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം അധികൃതര്‍ ഗൗനിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it