Kerala

കോടിപതിയായപ്പോള്‍ പേടിയായി; ലോട്ടറി അടിച്ച ബംഗാളി അഭയംതേടി പോലിസ് സ്‌റ്റേഷനില്‍

കോടിപതിയായപ്പോള്‍ പേടിയായി; ലോട്ടറി അടിച്ച ബംഗാളി അഭയംതേടി പോലിസ് സ്‌റ്റേഷനില്‍
X
1457464798_c0903k

കോഴിക്കോട്: കോടിപതിയായതോടെ പശ്ചിമബംഗാള്‍ സ്വദേശിക്ക് പേടി. പണംതട്ടാന്‍ തന്നെ ആരെങ്കിലും തട്ടിയാലോ. അഭയംതേടി നേരെ പോലിസ് സ്‌റ്റേഷനില്‍ പോയി. രണ്ടുദിവസം അവിടെ കഴിച്ചുകൂട്ടി. പശ്ചിമബംഗാള്‍ ലക്ഷ്മിപൂര്‍ സ്വദേശി മൊഫിജുല്‍ റഹ്മാന്‍ ഷെയ്ഖിനാണ് (22) കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്.
ലോട്ടറി തട്ടിയെടുക്കാന്‍ വേണ്ടി ആരെങ്കിലും ഉപദ്രവിക്കുമോയെന്നും ഒരു പരിചയക്കാര്‍ പോലുമില്ലാത്ത കേരളത്തില്‍ ജീവാപായം ഉണ്ടാവുമോയെന്നും ഭയന്നാണ് പോലിസ് സ്‌റ്റേഷനില്‍ അഭയം തേടിയത്. കേരളത്തില്‍ എത്തി നാലാം ദിവസം തന്നെ കോടീശ്വരനായതിലെ സന്തോഷമൊന്നും ഇദ്ദേഹത്തിന്റെ മുഖത്തില്ല. എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന ചിന്തയിലാണിപ്പോള്‍ ഈ യുവാവ്.
കാരുണ്യ ലോട്ടറിയുടെ കെടി 215092ാം നമ്പര്‍ ടിക്കറ്റിലാണ് ഒരു കോടി രൂപ സമ്മാനം ലഭിച്ചത്. ചേവായൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ യു കെ ഷാജഹാന്റെ സഹായത്തോടെ വെള്ളിമാടുകുന്ന് സ്റ്റേറ്റ് ബാങ്ക് ശാഖയില്‍ ലോട്ടറി ടിക്കറ്റ് ഏല്‍പ്പിച്ചിരിക്കുകയാണ്. പോലിസിനൊപ്പം ടിക്കറ്റ് ഏല്‍പ്പിക്കാന്‍ പോയ ബാങ്ക് വ്യാജമാണോയെന്ന ആധിയും മൊഫിജുല്‍ റഹ്മാനുണ്ടായി. ബാങ്ക് അവധിയായതിനാല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇദ്ദേഹം ചേവായൂര്‍ പോലിസ് സ്റ്റേഷനില്‍ തന്നെ താമസിക്കുകയായിരുന്നു. കെട്ടിടനിര്‍മാണ തൊഴിലാളിയായി ഇക്കഴിഞ്ഞ ബുധനാഴ്ച കേരളത്തില്‍ എത്തിയ നിര്‍ധനനായ യുവാവിന് ഒരു കോടി രൂപ കിട്ടിയതിന്റെ അമ്പരപ്പും സന്തോഷവും മുഖത്തു പ്രതിഫലിക്കാത്തതിനു കാരണം ചോദിച്ചപ്പോള്‍ പേടിയുണ്ടെന്നും എങ്ങനെയെങ്കിലും നാട്ടില്‍ എത്തിയാല്‍ മതിയെന്ന ചിന്തമാത്രമേ ഇപ്പോഴുള്ളൂവെന്നായിരുന്നു മറുപടി.
നാട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ആരെങ്കിലും ഉപദ്രവിക്കുമോയെന്നു ഭയന്ന് ഭാര്യയും പിതാവും മാതാവും കരയുകയാണെന്നാണ് യുവാവു പറയുന്നത്. ബര്‍ധ്വയിലെ പ്രഭസ്ഥലി ദംഗപര സ്വദേശി അഹൊര്‍ ഷെയ്ഖിന്റെയും മുംതാസ് ബീവിയുടെയും മകനാണ്. ഭാര്യ നഫീജാബീവിയും പത്തുമാസം പ്രായമായ പെ ണ്‍കുഞ്ഞ് മസൂമാ ഖാത്തൂനും നാട്ടില്‍ കാത്തിരിക്കുകയാണെന്നും ബാങ്കില്‍ ലോട്ടറി ഏല്‍പ്പിച്ചശേഷം നാട്ടിലേക്കു പോവുമെന്നും മൊഫിജുല്‍ റഹ്മാന്‍ പറഞ്ഞു. വാടകക്കെട്ടിടത്തിനടുത്ത് ബൈക്കില്‍ എത്തിയ വികലാംഗനായ ഏജന്റില്‍ നിന്നാണ് ലോട്ടറിയെടുത്തത്.
Next Story

RELATED STORIES

Share it