Flash News

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് : അന്തര്‍ സംസ്ഥാന സംഘം പിടിയില്‍



തൃശൂര്‍: കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് പേരെ തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ ഉദയ്പൂര്‍ സ്വദേശികളായ അമിത് അഗര്‍വാള്‍(34), അജയ് സാഹു (27) എന്നിവരാണ് അറസ്റ്റിലായത്. തൃശൂരിലെ തോംസണ്‍ ഗ്രൂപ്പ് കമ്പനിയുടെ കാത്തലിക് സിറിയന്‍ ബാങ്ക് അക്കൗണ്ടുകളും കമ്പനിയുടെ മെയിലുകളും ബാങ്കിന്റെ മെയിലുകളും ഹാക്ക് ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ആഗസ്ത് ഏഴിന് തോംസണ്‍ ഗ്രൂപ്പ് കമ്പനിയുടെ മെയില്‍ ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. കാത്തലിക് സിറിയന്‍ ബാങ്കിലേക്ക് കമ്പനി അയച്ച മെയിലുകളില്‍ തിരുത്തലുകള്‍ വരുത്തി അക്കൗണ്ടില്‍നിന്ന് ആറുലക്ഷത്തോളം രൂപ തട്ടിയെടുത്തത്. പിന്നീട് വീണ്ടും മൂന്നുകോടിയോളം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ബാങ്കിന് മെയിലുകളില്‍ സംശയം തോന്നുകയായിരുന്നു. ഇതോടെ ബാങ്ക് അധികൃതര്‍ കമ്പനിക്ക് വിവരം കൈമാറുകയും പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. ഈസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം മുംബൈയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന് വിവിധ സംസ്ഥാനങ്ങളിലായി ഇരുപതോളം കേസുകള്‍ നിലവിലുണ്ട്. രാജസ്ഥാനിലെ ഉദയ്പൂര്‍, മഹാരാഷ്ട്രയിലെ മുംബൈ അന്ധേരി, ബാന്ദ്ര, നാഗ്പൂര്‍, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകളുടെ കേസുകളാണ് നിലവിലുള്ളത്. മുംബൈയില്‍ പണക്കാര്‍ മാത്രം താമസിക്കുന്ന വന്‍കിട ഫഌറ്റുകളില്‍ വാടകയ്ക്കാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം താമസിക്കുന്നത്. ഇവരെ പിന്തുടര്‍ന്ന് പോലിസ് ചെന്നാല്‍ ആക്രമിച്ച് രക്ഷപ്പെടുന്നതാണ് പൊതുവെയുള്ള രീതിയെന്ന് പോലിസ് പറഞ്ഞു. തട്ടിപ്പു സംഘത്തെ താനെയില്‍നിന്ന് പിടികൂടുന്ന സമയത്ത് ഇവര്‍ കേരള പോലിസിനെ ആക്രമിക്കുകയും പ്രത്യേക അന്വേഷണസംഘത്തിലെ പോലിസുകാരായ എഎസ്‌ഐ ജോസഫ്, സിവില്‍ പോലിസ് ഓഫിസര്‍ ടി വി ജീവന്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് താനെ പോലിസിന്റെ പ്രത്യേക സായുധസേന എത്തിയ ശേഷമാണ് ഇവരുടെ ആക്രമണത്തില്‍നിന്ന് കേരള പോലിസ് സംഘത്തെ രക്ഷപ്പെടുത്തിയത്.തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ രാഹുല്‍ ആര്‍ നായരുടെ നിര്‍ദേശാനുസരണം സിറ്റി അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പി വാഹിദ്, ഈസ്റ്റ് സിഐ കെ സി സേതു, എസ്‌ഐ സതീശ് പുതുശ്ശേരി, എഎസ്‌ഐ ജോസഫ്, ഷാഡോ പോലിസ് അംഗമായ സിവില്‍ പോലിസ് ഓഫിസര്‍ ടി വി ജീവന്‍, എ കെ സിബു, പ്രശോഭ്,  സൈബര്‍ സെല്‍ എഎസ്‌ഐ ജോയ്, സൈബര്‍ സെല്ലിലെ സിവില്‍ പോലിസ് ഓഫിസര്‍മാരായ മിഥുന്‍, ഹരീഷ്, എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it