thrissur local

കോടതിയുടെ വാര്‍ത്താവിലക്ക്: പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

തൃശൂര്‍: ജുഡിഷ്യറിയും മാധ്യമങ്ങളും തമ്മിലുള്ള കലഹം ആശാസ്യകരമല്ലെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ പി മോഹനന്‍ അഭിപ്രായപ്പെട്ടു. കരുനാഗപ്പള്ളി കോടതിയുടെ വാര്‍ത്താ വിലക്കിനെതിരേ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി തൃശൂര്‍ പ്രസ് ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അധികാരസ്ഥാപനങ്ങളെ പ്രീതിപ്പെടുത്തുന്ന പ്രവണത അടുത്തകാലത്തായി വര്‍ദ്ധിച്ചുവരുന്നുണ്ട്. ആ സാഹചര്യം ഉണ്ടാവരുത്. കരുനാഗപ്പള്ളി കോടതിയുടെ വാര്‍ത്താവിലക്ക് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് സംഭവിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയിലെ നെല്ലും പതിരും തിരിച്ചറിയുന്നവരാണ് വായനക്കാര്‍. വാര്‍ത്തകള്‍ മാത്രം കണ്ട് വിധികല്പിക്കുന്നവരല്ല വായനക്കാരെന്നും കെ.പി മോഹനന്‍ ഓര്‍മ്മിപ്പിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ. പ്രഭാത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ പി.സി സെബാസ്റ്റ്യന്‍, സംസ്ഥാന കമ്മിറ്റിയംഗം ഇ.എസ് സുഭാഷ്, മാധ്യമപ്രവര്‍ത്തകരായ ജേക്കബ് ബഞ്ചമിന്‍, സക്കീര്‍ ഹുസൈന്‍, എം.വി ഫിറോസ് എന്നിവര്‍ സംസാരിച്ചു. മാധ്യമപ്രവര്‍ത്തനത്തെ തടയുന്നതരത്തിലുള്ള കോടതി വിധി ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മാധ്യമസ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നുകയറ്റമാണ് സംഭവിച്ചതെന്നും യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. ജില്ലാ നിര്‍വ്വാഹകസമിതിയംഗം പി.പി പ്രശാന്ത് പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.വി വിനീത സ്വാഗതവും ട്രഷറര്‍ പി.വി അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it