ernakulam local

കൊള്ളപ്പലിശയ്ക്ക് പണം കൊടുക്കല്‍; ഏഴ് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

പള്ളുരുത്തി: പശ്ചിമകൊച്ചിയിലെ സാധാരണക്കാര്‍ക്ക് കൊള്ള പലിശയ്ക്ക് പണം കടം കൊടുത്ത് ചൂഷണം ചെയ്യുന്ന സംഘത്തിലെ ഏഴ് തമിഴ്‌നാട് സ്വദേശികളെ പൊലിസ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട് കരൂര്‍ ജില്ലയില്‍ കാര്‍ത്തികേയന്‍(26), നാമക്കല്‍ സ്വദേശി സെല്‍വകുമാര്‍(32), തിരുപ്പൂര്‍ സ്വദേശി ചെല്ലമുത്തു(48), ദിണ്ടിഗല്‍ സ്വദേശികളായ രാജേന്ദ്രന്‍(37), രാമകൃഷ്ണന്‍(38), തിരുപ്പൂര്‍ സ്വദേശി സുബ്രഹ്മണ്യന്‍(36), കരൂര്‍ സ്വദേശി രാമലിംഗം(40)എന്നിവരെയാണ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷ്ണര്‍ ജി വേണുവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ പിടിയിലായത്.
പള്ളുരുത്തി, മട്ടാഞ്ചേരി, തോപ്പുംപടി പ്രദേശങ്ങളില്‍ സാധാരണക്കാര്‍ക്കിടയില്‍ പണം നല്‍കി കൊള്ള പലിശ ഈടാക്കുന്ന സംഘം വ്യാപകമായി പ്രവര്‍ത്തിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലിസ് പരിശോധന ശക്തമാക്കിയത്. വീടുകള്‍ കേന്ദ്രീകരിച്ചാണ് സംഘം പണം പലിശയ്ക്ക് നല്‍കി വന്നിരുന്നത്. സ്ത്രീകള്‍ക്കിടയിലാണ് സംഘം പണം നല്‍കിയിരുന്നത്. പരിശോധനയില്‍ പള്ളുരുത്തി എസ്‌ഐ ഫിറോസ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ആര്‍ അനില്‍കുമാര്‍, രത്‌നകുമാര്‍, അനില്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഫ്രാന്‍സിസ്, രതീഷ് ബാബു എന്നിവരടങ്ങുന്ന സംഘവും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷ്ണര്‍ ജി വേണു അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it