Cricket

കൊല്‍ക്കത്ത വീണു; ചെന്നൈ - ഹൈദരാബാദ് ഫൈനല്‍;

കൊല്‍ക്കത്ത വീണു; ചെന്നൈ - ഹൈദരാബാദ് ഫൈനല്‍;
X


കൊല്‍ക്കത്ത: ഐപിഎല്‍ 11ാം സീസണില്‍ ചെന്നൈ - ഹൈദരാബാദ് ഫൈനലില്‍. ഫൈനല്‍ സീറ്റുറപ്പിക്കാനുള്ള രണ്ടാം പ്ലേ ഓഫില്‍ കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ 13 റണ്‍സിന് തകര്‍ത്താണ് ഹൈദരാബാദ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ റാഷിദ് ഖാനാണ് ഹൈദരാബാദിന്റെ വിജയ ശില്‍പി.
ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ദിനേഷ് കാര്‍ത്തിക് പതിവു പോലെ എതിരാളിയെ ബാറ്റിങിനയച്ചപ്പോള്‍ ഹൈദരാബാദിന് മികച്ച തുടക്കമാണ് സാഹയും ധവാനും ചേര്‍ന്ന് സമ്മാനിച്ചത്. ധവാന്‍ പതിവുശൈലിയില്‍ തന്നെ കളിച്ചപ്പോള്‍ ഗോസ്വാമിക്ക് പകരം ടീമിലിടം കണ്ടെത്തിയ സാഹ നിലയുറപ്പിക്കാനാണ് ശ്രമിച്ചത്. ഇരുവരും ചേര്‍ന്ന് ടീമിന് മികച്ച അടിത്തറ പാകാന്‍ ശ്രമിച്ചെങ്കിലും ഏഴാം ഓവര്‍ എറിഞ്ഞ കുല്‍ദീപ് യാദവിന്റെ ആദ്യ പന്തില്‍ ധവാന്‍(24 പന്തില്‍ 34) എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഏഴോവറില്‍ 56 റണ്‍സാണ് അടിച്ചെടുത്തത്. പിന്നീട് കളത്തിലിറങ്ങിയ നായകന്‍ കെയിന്‍ വില്യംസനെയും(3) ഈ ഓവറില്‍ തന്നെ പുറത്താക്കി കുല്‍ദീപ് ഹൈദരാബാദിന് വന്‍ പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ മറുവശത്ത് തളരാതെ ബാറ്റേന്തിയ സാഹയ്ക്ക് കൂട്ടായി ഷാക്കിബും എത്തിയതോടെ ഹൈദരാബാദിന് പുനര്‍ജന്‍മം ലഭിച്ചു. പിന്നീട് സാഹയും(27 പന്തില്‍ 35) ഷക്കീബും(24 പന്തില്‍ 28) പുറത്തായതോടെ ടീം സ്‌കോറിങ് പരുങ്ങലിലായി. തുടര്‍ന്ന് ദീപക് ഹൂഡ(19) യൂസഫ് പ്ത്താന്‍ (3) ബ്രാത് വെയ്റ്റ് (8) നിരാശപ്പെടുത്തിയപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 18.1 ഓവറില്‍ ഏഴ് വിക്കറ്റിന് 138 റണ്‍സ് മാത്രം. എന്നാല്‍ വാലറ്റത്ത് റാഷിദ് ഖാനും ഭുവനേശ്വറും ചേര്‍ന്ന് ടീമിന് വേണ്ടി മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ 20 ഓവറില്‍ 174 എന്ന മികച്ച സ്‌കോറില്‍ അവസാനിച്ചു. ഇരുവരും ചേര്‍ന്ന് അവസാന 11 പന്തില്‍ അപരാജിതരായി 36 റണ്‍സാണ് പടുത്തുയര്‍ത്തിയത്. റാഷിദ് ഖാന്‍ 10 പന്തില്‍ 34 റണ്‍സെടുത്തപ്പോള്‍ ഭുവി രണ്ട് പന്തില്‍ അഞ്ചു റണ്‍സമെടുത്തു.
മറുപടിക്കിറങ്ങിയ കൊല്‍ക്കത്തന്‍ നിരയില്‍ ക്രിസ് ലിന്നാണ് ( 48) ടോപ് സ്‌കോറര്‍. ശുബ്മാന്‍ ഗില്‍ (30) അവസാന ഓവറുകളില്‍ പൊരുതി നോക്കിയെങ്കിലും കൊല്‍ക്കത്തയെ വിജയത്തിലേക്കെത്തിക്കാനായില്ല. ഹൈദരാബാദിന് വേണ്ടി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സിദ്ധാര്‍ഥ് കൗള്‍, ബ്രാത്ത്‌വെയ്റ്റ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.
Next Story

RELATED STORIES

Share it