Flash News

കൊലപാതക കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരെ വിട്ടയക്കില്ല : സര്‍ക്കാര്‍



കൊച്ചി: കൊലപാതകവും മാനഭംഗവും അടക്കമുള്ള കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരെ ശിക്ഷാ കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് വിട്ടയക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തടവുകാരെ ശിക്ഷാ കാലാവധി തീരുന്നതിനു മുമ്പ് വിട്ടയക്കുന്നുവെന്ന പ്രചാരണം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ളത് മാത്രമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമുമുള്‍പ്പെടെയുളള രണ്ടായിരത്തോളം വരുന്ന തടവുകാരെ വിട്ടയക്കാനുളള ശുപാര്‍ശ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചതിനെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. ഒരോ തടവുകാരുടെയും തടവുശിക്ഷയക്ക് ആനുപാതികമായി ഭരണഘടന നല്‍കുന്ന ഇളവ് മാത്രമാണ് നല്‍കാനുദ്ദേശിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മൂന്നുമാസം തടവുശിക്ഷ അനുഭവിക്കുന്ന ഒരാള്‍ക്ക് 15 ദിവസത്തെ ആനുപാതിക ഇളവ് അനുവദിക്കാമെന്ന് ജയില്‍ ചട്ടത്തില്‍ വ്യവസ്ഥയുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015 ആഗസ്ത് 12ന് രണ്ടായിരത്തോളം തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍, ഗവര്‍ണറുടെ ഓഫിസ് വിശദീകരണമാവശ്യപ്പെട്ട് ഈ ശുപാര്‍ശ മടക്കിയയച്ചു. പിന്നീട് സംസ്ഥാനത്ത് ഭരണമാറ്റം വന്നു. സംസ്ഥാന രൂപീകരണത്തിന്റെ 60ാം വാര്‍ഷികം പ്രമാണിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ 2,262 തവടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ തീരൂമാനിച്ചു. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശുപാര്‍ശപ്രകാരമായിരുന്നു ഇത്. എന്നാല്‍, കൊലപാതകം, കാപ്പ കേസുകളിലടക്കം ശിക്ഷ അനുഭവിക്കുന്ന തടവുകാരെ അതില്‍നിന്നും ഒഴിവാക്കി 1,850 തടവുകാരുടെ പട്ടിക ഗവര്‍ണര്‍ക്കു നല്‍കി. ഈ ശുപാര്‍ശ സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു വിപരീതമാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സര്‍ക്കാരിലേക്ക് മടക്കിയയച്ചു. ഇതേ തുടര്‍ന്ന് ഈ ശൂപാര്‍ശ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ വിശദീകരണം ഫയലില്‍ സ്വീകരിച്ച കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
Next Story

RELATED STORIES

Share it