thiruvananthapuram local

കൊലക്കേസ് പ്രതിയില്‍ നിന്നും റിവോള്‍വര്‍ പിടിച്ചെടുത്തു



പാറശാല: ബസ് യാത്രക്കാരനായ കൊലക്കേസ് പ്രതിയില്‍ നിന്നും ആറ് തിരകള്‍ നിറച്ച തോക്ക് പിടിച്ചെടുത്തു. അമരവിള ചെക്ക്‌പോസ്റ്റില്‍ നടന്നുവരുന്ന വാഹന പരിശോധനക്കിടെ എക്‌സൈസ് അധികൃതരാണ് യാത്രക്കാരനില്‍ നിന്നും തിരകള്‍ നിറച്ച റിവോള്‍വറും ഉപയോഗിക്കാത്ത തിരകളും പിടിച്ചെടുത്തത്. ഇന്നലെ രാവിലെ 11.30 മണിക്ക് ചെക്ക്‌പോസ്റ്റില്‍ എത്തിയ നാഗര്‍കോവിലില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസ് പരിശോധിക്കവെയാണ് സംഭവം. യാത്രക്കാരനായ തിരുനെല്‍വേലി സിഎസ്‌ഐ ചര്‍ച്ചിന് സമീപം താമസക്കാരനായ പ്രവീണിന്റെ (30) ബാഗ് തുറന്ന് പരിശോധിക്കവെയാണ് തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്ന ആറ് തിരകള്‍ നിറച്ച റിവോള്‍വറും ഉപയോഗിക്കാത്ത ആറ് തിരകളും പിടിച്ചെടുത്തത്. തിരുവന്തപുരത്തെ ഒരാള്‍ക്ക് കൊടുക്കുന്നതിനായി ഇയാളുടെ ബോസ് കൊടുത്തുവിട്ടതെന്നാണ് പറയുന്നുണ്ടെകിലും ബോസിന്റെ പേരോ മറ്റു വിവരങ്ങളോ ഇയാള്‍ പറയാന്‍ തയാറായില്ല. എന്നാല്‍ തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലക്കേസ് പ്രതിയാണെന്നും വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് തിരുനെല്‍വേലിയില്‍ നില്‍ക്കാന്‍ കഴിയാതെ വന്നത് കാരണം തിരുവനന്തപുരത്തേക്ക് തിരിച്ചതാണെന്നും പറഞ്ഞു. ഇയാളില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍, ബാങ്ക് പാസ്ബുക്ക്, എടിഎം കാര്‍ഡ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെയും മറ്റ് തൊണ്ടി സാധനങ്ങളും പാറശാല പോലിസിന് കൈമാറി. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുന്നതാണ്. അമരവിള ചെക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്ത്, പ്രിവന്റ്റീവ് ഓഫിസര്‍മാരായ അനില്‍, പീതാംബരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സെല്‍വം, ബിജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it