കൊലക്കത്തി രാഷ്ട്രീയം അരങ്ങത്ത്

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

പി ജയരാജന്റെ കാട്ടാക്കട പ്രസംഗം പോലിസ് കേസെടുക്കുന്നതിലോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി പരിഗണിക്കുന്നതിലോ മാത്രം ഒതുങ്ങുന്ന വിഷയമല്ല. അതു നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനാധിപത്യ അടിത്തറയെത്തന്നെ വെല്ലുവിളിക്കുന്നതാണ്. ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണത്.
പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗമായ ജയരാജന്റെ കൊലവിളിയെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറായില്ല. മാത്രമല്ല കേസെടുക്കുമെന്നു പറഞ്ഞു പേടിപ്പിക്കേണ്ടെന്നു പോലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തിലുള്ള നിലപാട് സിപിഐ അടക്കം എല്‍ഡിഎഫിലെ ഘടകകക്ഷികളും വ്യക്തമാക്കേണ്ടതുണ്ട്.
കടംകിട്ടിയാല്‍ തിരിച്ചുകൊടുക്കുന്നതാണ് സിപിഎം രീതി എന്നാണു കാട്ടാക്കട മണ്ഡലത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രചാരണ യോഗത്തില്‍ ജയരാജന്‍ വിശദീകരിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയുമാണ് പി ജയരാജന്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജയരാജന്‍ ജയിലിലായിരുന്നു. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന കാര്യം പരിഗണിച്ചു കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് ഉന്നത നീതിപീഠം ജയരാജനു നിരോധനം ഏര്‍പ്പെടുത്തിയതാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകൂടഭീകരത മൂലമാണ് തനിക്കു കണ്ണൂരില്‍ കടക്കാനാവാത്തത് എന്നാണു ജയരാജന്‍ കാട്ടാക്കടയില്‍ പറഞ്ഞത്. ഉന്നത നീതിപീഠങ്ങളെപ്പോലും ജയരാജന്‍ അവഹേളിക്കുന്നു.
ടി പി ചന്ദ്രശേഖരന്‍ വധത്തെതുടര്‍ന്ന് ഈ സിപിഎം രീതി അന്നത്തെ ഇടുക്കി ജില്ലാ സെക്രട്ടറി ഒരു പൊതുയോഗത്തില്‍ വ്യക്തമാക്കിയിരുന്നു. വെട്ടിയും കുത്തിയും അടിച്ചും തങ്ങള്‍ ഇടുക്കി ജില്ലയില്‍ എത്ര കൊലകള്‍ നടത്തി എന്നതിന്റെ കണക്കും അദ്ദേഹം നിരത്തി. ദേശീയതലത്തില്‍ പോലും ഞെട്ടലുണ്ടാക്കി ആ വെളിപ്പെടുത്തല്‍. സിപിഐ ജനറല്‍ സെക്രട്ടറി ബര്‍ദന്‍ എകെജി ഭവനില്‍ ചെന്ന് ആശങ്കയും പ്രതിഷേധവും അറിയിക്കുകയുണ്ടായി. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്നത് സിപിഎമ്മിന്റെ നയമല്ലെന്നു ജനറല്‍ സെക്രട്ടറിക്കും കേന്ദ്രകമ്മിറ്റിക്കും പറയേണ്ടിവന്നു. പ്രസംഗിച്ച നേതാവിനെതിരേ നടപടിയെടുക്കുകയും ചെയ്തു. പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയര്‍ത്തപ്പെട്ട നേതാവ് ഈ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയാണ്.
സിപിഎം നേതാക്കളുടെ നാക്കുപിഴയില്‍നിന്നു തുടങ്ങുന്നതോ നേതൃത്വം തള്ളിപ്പറഞ്ഞാല്‍ പോലും തീരുന്നതോ അല്ല കേരള സിപിഎമ്മില്‍ നിലനില്‍ക്കുന്ന കടംവീട്ടല്‍ അക്രമരാഷ്ട്രീയം. ഒഞ്ചിയത്ത് ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ രാത്രി വഴിയില്‍ പിന്തുടര്‍ന്നു വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നില്‍ യുഡിഎഫ് ആണെന്നു രഹസ്യമായി മരണവാര്‍ത്തയ്ക്കു തൊട്ടുപിറകെ മാധ്യമങ്ങളെ അറിയിച്ചതു ജയരാജനായിരുന്നു. മാധ്യമങ്ങള്‍ ആ ഇരയില്‍ കൊത്തിയില്ലെന്നു കണ്ടപ്പോള്‍ പത്രസമ്മേളനം വിളിച്ച് ഇത് വാര്‍ത്തയാക്കിയതും. പക്ഷേ, ടിപി വധക്കേസ് വിചാരണചെയ്ത കോഴിക്കോട് മാറാട് സെഷന്‍സ് കോടതി തെളിവുകള്‍ ആറ്റിക്കുറുക്കിയെടുത്തു പുറപ്പെടുവിച്ച വിധിപ്രസ്താവനയുണ്ട്: സിപിഎം വിട്ട് മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച ടി പി ചന്ദ്രശേഖരനെ വാടകക്കൊലയാളികളെ ഉപയോഗിച്ചു വെട്ടിക്കൊലപ്പെടുത്തിയത് സിപിഎം തന്നെയാണെന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനസ്സാക്ഷിയെ നടുക്കിയ ഹീനമായ ആ കൊലപാതകത്തില്‍ പങ്കാളികളായ വാടകക്കൊലയാളികളും സിപിഎം നേതാക്കളും പ്രവര്‍ത്തകരുമായ പ്രതികള്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജയിലിലാണ്. ജീവപര്യന്തവും മറ്റുമായ തടവുശിക്ഷ അനുഭവിച്ച് ഒരാളൊഴിച്ച് പാര്‍ട്ടി നേതാക്കളായ മറ്റെല്ലാവരും കേന്ദ്ര നേതൃത്വത്തിന്റെ പ്രഖ്യാപനത്തിനു വിരുദ്ധമായി ഇപ്പോഴും ജയിലില്‍ അതേ പാര്‍ട്ടി സ്ഥാനങ്ങളില്‍ തുടരുകയാണ്.
ഇതിന്റെ തുടര്‍ച്ചയായ പാര്‍ട്ടി നയപ്രഖ്യാപനമാണ് ജയരാജന്‍ കാട്ടാക്കടയില്‍ നടത്തിയത്. ഇങ്ങോട്ട് കടം വന്നുകൊണ്ടിരുന്നാല്‍ തിരിച്ചുകൊടുത്തിരിക്കും; അതേ നടന്നിട്ടുള്ളൂ എന്ന്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കേന്ദ്രകമ്മിറ്റിയും പ്രഖ്യാപിച്ച നയമല്ല കേരളത്തില്‍ തങ്ങളുടെതെന്നും കണ്ണിനു കണ്ണ് ചോരയ്ക്കു ചോര എന്ന കൊലവിളി നയമാണ് തങ്ങളുടെതെന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കാളികളാവുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ അംഗീകരിച്ചിട്ടുള്ള സത്യവാങ്മൂലത്തിന് വിരുദ്ധമാണിത്. പൗരന്മാരുടെ ജീവനു സുരക്ഷ ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുമെന്നു തിരഞ്ഞെടുപ്പു കമ്മീഷന് സത്യവാങ്മൂലം നല്‍കി ആ ഉറപ്പ് പാര്‍ട്ടി ഭരണഘടനയില്‍ എഴുതിവച്ചാണ് സിപിഎം പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നത്. ആ ഉറപ്പിലാണ് തിരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുന്നതും വിവിധ നിയമസഭകളിലും ഗവണ്മെന്റുകളിലും പങ്കാളികളാവുന്നതും.
എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കും കോടതികള്‍ക്കും മേലെയാണ് സിപിഎം എന്ന നിലയ്ക്കാണു കേരളത്തില്‍ അവര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ടിപി വധക്കേസിലെ കോടതിവിധി ഇനിയും അംഗീകരിക്കാത്തത്. കതിരൂര്‍ മനോജ് വധക്കേസിലും ഫസല്‍-ഷുക്കൂര്‍ വധക്കേസുകളിലും പ്രതിയാക്കപ്പെട്ട പാര്‍ട്ടി നേതാക്കള്‍ അഗ്നിശുദ്ധി വരുത്തണമെന്ന നിലപാടു സ്വീകരിക്കാത്തത്.
ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായിമാരെയും കണ്ണൂര്‍ ജില്ലയ്ക്കു പുറത്തു നിര്‍ത്തിയിരിക്കയാണ് നീതിപീഠം. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇവരെ സിപിഎം സ്ഥാനാര്‍ഥികളാക്കി. ഉറപ്പുള്ള സീറ്റുകളില്‍ നിര്‍ത്തി വിജയിപ്പിച്ചു. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷ സ്ഥാനങ്ങളില്‍ അവരോധിച്ചു. ഒടുവില്‍ പാര്‍ട്ടിക്കകത്തുനിന്നു പോലുമുള്ള കടുത്ത എതിര്‍പ്പിനു വഴങ്ങി അവരെ രാജിവയ്പിക്കേണ്ടി വന്നു.
പി ജയരാജനെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ മല്‍സരിപ്പിക്കാനും എല്‍ഡിഎഫ് ജയിച്ചാല്‍ മന്ത്രിയാക്കാനും ആലോചിച്ചിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നം അവകാശപ്പെട്ട് മുന്‍കൂര്‍ ജാമ്യം തേടിയെങ്കിലും കണ്ണൂര്‍ ജില്ലയില്‍ കടന്നുകൂടാ എന്നതടക്കമുള്ള ഉപാധികളോടെയാണ് ഒടുവില്‍ ജാമ്യം കിട്ടിയത്. ഈ സാഹചര്യത്തിലാണ് കണ്ണൂര്‍ ജില്ലയില്‍നിന്നു മല്‍സരിക്കാനുള്ള പഴുത് ജയരാജന് അടഞ്ഞുപോയത്.
കണ്ണൂരില്‍നിന്നുള്ള പാര്‍ട്ടി നേതാക്കളുടെ കാര്യത്തില്‍ സിപിഎമ്മിനു പ്രത്യേകമൊരു നിയമാവലിയാണെന്നു തോന്നുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളിലൂടെ നിലവിട്ടു പ്രതികരിച്ചപ്പോള്‍ ഒട്ടും വൈകാതെ സംസ്ഥാന സെക്രട്ടറി കോടിയേരി ഇടപെട്ടു. ജയരാജന്റെ പ്രസംഗം വിവാദമായിട്ടും ആഭ്യന്തരമന്ത്രിയുടെ അതു സംബന്ധിച്ച പ്രതികരണത്തോടാണ് കോടിയേരി പ്രതികരിച്ചത്. കേസ് എടുക്കുമെന്നു പേടിപ്പിക്കേണ്ടെന്ന്.
പി ജയരാജന്റെ പ്രസംഗത്തിനെതിരേ കെപിസിസി പ്രസിഡന്റ് വി എം സുധീരനടക്കം രംഗത്തുവന്നതു സ്വാഗതാര്‍ഹം. ഇതില്‍ എത്രമാത്രം ആത്മാര്‍ഥതയുണ്ടെന്നു സുധീരനെങ്കിലും ചിന്തിക്കണം. ടിപി വധക്കേസിലെ ഉന്നത ഗൂഢാലോചന പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നതു തടഞ്ഞത് മുഖ്യമന്ത്രിയും അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ചേര്‍ന്നായിരുന്നു. ടിപി വധക്കേസ് അന്വേഷണ സംഘത്തിന്റെ മേധാവിയെ നിര്‍ണായക ഘട്ടത്തില്‍ അമേരിക്കയിലേക്കു പരിശീലനത്തിനയച്ചു പാതിവഴിക്ക് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. അതുകൊണ്ടാണ് ജയരാജന്മാരുടെ കൊലവിളികള്‍ വീണ്ടും ഉയരാനിടയായത്. സുധീരന് ഇത് അറിയാത്ത കാര്യമല്ല. വാള്‍ത്തലപ്പിലെ ചോരക്കറകള്‍ പുരണ്ട സിപിഎം നേതാക്കളുമായി ഉമ്മന്‍ചാണ്ടി ഗവണ്മെന്റുണ്ടാക്കിയ കൊള്ളക്കൊടുക്കകള്‍ കഴിഞ്ഞ അഞ്ചു വര്‍ഷ ഭരണത്തിന്റെ ബാക്കിപത്രമാണ്.
ഗുരുതരമായ ദേശീയപ്രശ്‌നങ്ങളും കേരളത്തിലെ ദുര്‍ഭരണവും ഒരുപോലെ കേന്ദ്രവിഷയമായ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ജനാധിപത്യ വിശ്വാസികള്‍ക്കും ഇടതുപക്ഷ നിലപാടുള്ളവര്‍ക്കും സിപിഎം ഉള്‍പ്പെട്ട എല്‍ഡിഎഫിനെ അനുകൂലിക്കേണ്ട സാഹചര്യമാണ് യഥാര്‍ഥത്തില്‍ നിലവിലുള്ളത്. എന്നാല്‍ ആര്‍എസ്എസിനെ പോലെ അസഹിഷ്ണുതയും ഫാഷിസ്റ്റ് മനോഭാവവും സിപിഎം തിരഞ്ഞെടുപ്പില്‍ പോലും പുറത്തെടുക്കുമ്പോള്‍ അതില്‍ മൗനം പാലിക്കാനോ പിന്തുണയ്ക്കാനോ സാധ്യമല്ല. ഇടതുപക്ഷ നിലപാടില്‍ ഉറച്ചുനിന്ന ഈ ലേഖകനെപ്പോലുള്ളവര്‍ക്ക് ജനങ്ങളോടു വസ്തുത തുറന്നു വിളിച്ചു പറയുക മാത്രമെ പോംവഴിയുള്ളൂ.

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍)
Next Story

RELATED STORIES

Share it