കൊലക്കത്തി താഴെവയ്ക്കാതെ ആര്‍എസ്എസ്; നോക്കുകുത്തിയായി നിയമം

കൊലക്കത്തി താഴെവയ്ക്കാതെ ആര്‍എസ്എസ്; നോക്കുകുത്തിയായി നിയമം
X


ഹിന്ദുമതത്തില്‍ നിന്ന് ഇതര മതങ്ങളിലേക്കു സ്വന്തം ഇഷ്ടപ്രകാരം മാറുന്നവരെ കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന ആര്‍എസ്എസ് ഭീകരത നിര്‍ബാധം തുടരുമ്പോഴും പോലിസും സര്‍ക്കാരും അതിനു കൂട്ടുനില്‍ക്കുകയോ നോക്കുകുത്തിയാവുകയോ ആണ്.ഇസ്‌ലാമിലേക്ക് മതംമാറിയതിന്റെ പേരില്‍ മലപ്പുറം ജില്ലയില്‍ മാത്രം ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ വെട്ടിക്കൊന്നത് നാലുപേരെയാണ്. 17 പേരെ തട്ടിക്കൊണ്ടുപോയതായും പോലിസ് രേഖകള്‍ പറയുന്നു. എന്നാല്‍, കോടതിയിലെത്താത്ത സംഭവങ്ങള്‍ നിരവധിയുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. പ്രേമം നടിച്ച് വിവാഹം കഴിച്ച ശേഷം ഉപേക്ഷിക്കപ്പെട്ട് ദുരിതജീവിതം നയിക്കുന്ന 20ഓളം മുസ്‌ലിം പെണ്‍കുട്ടികള്‍ ജില്ലയിലുള്ളതായി വിവിധ റിപോര്‍ട്ടുകളില്‍ നിന്നു വ്യക്തമാവുന്നു. ദുരൂഹ സാഹചര്യത്തില്‍ ഹിന്ദു യുവാക്കളോടൊപ്പം പോയി മരണപ്പെട്ട മുസ്‌ലിം പെണ്‍കുട്ടികളുടെ എണ്ണം പോലിസ് കണക്കുപ്രകാരം 18 ആണ്. മതംമാറിയതിന്റെ പേരില്‍ ഏറ്റവും ഒടുവില്‍ ആര്‍എസ്എസ് കൊലക്കത്തിക്കിരയായത് കൊടിഞ്ഞി ഫൈസലാണ്. 2016 നവംബര്‍ 19നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഈ കേസിലെ ഉന്നതതല ഗൂഢാലോചനയിലെ പ്രതികള്‍ ഇനിയും പിടിയിലായിട്ടില്ല. തിരൂരിലെ ആമപ്പറമ്പില്‍ യാസിറിനെ അറുകൊല ചെയ്ത കേസിലെ പ്രതി മഠത്തില്‍ നാരായണനാണ് ഗൂഢാലോചനയ്ക്കു നേതൃത്വം നല്‍കിയത്. പെട്ടെന്ന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പല പ്രതികള്‍ക്കെതിരേയും പോലിസ് ചുമത്തിയത്. 1965ല്‍ ആണ് മലപ്പുറം മേഖലയില്‍ മതംമാറിയ യുവാവിനെ ആദ്യമായി ആര്‍എസ്എസുകാര്‍ കൊന്നത്. പെരിന്തല്‍മണ്ണ താലൂക്ക് കൊളത്തൂര്‍ കുറുപ്പത്താലിലെ 25കാരനായ മൊയ്തീനാണ് അന്നു കൊല്ലപ്പെട്ടത്.

[caption id="attachment_298013" align="alignnone" width="560"] ഫൈസല്‍                                   യാസിര്‍[/caption]

ഇസ്‌ലാംമതത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചാണ് പിന്നാക്കവിഭാഗക്കാരനായ ഹിന്ദു യുവാവ് മതം സ്വീകരിച്ചത്. ഇരുട്ടിന്റെ മറവിലാണ് ഫാഷിസ്റ്റുകള്‍ അദ്ദേഹത്തെ വെട്ടിക്കൊന്നത്. പോലിസ് അന്വേഷണം എങ്ങുമെത്തിയില്ല. 1989ല്‍ മതംമാറിയ യുവതിയെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സഹോദരനും ആര്‍എസ്എസ് വിഭാഗ് കാര്യവാഹകും ചേര്‍ന്ന് വെട്ടിനുറുക്കിയത് ഏറെ വിവാദമായിരുന്നു. മഞ്ചേരി ജില്ലാ കോടതി വളപ്പില്‍ വച്ചായിരുന്നു ഈ കൊലപാതകം. പറമ്പില്‍ബസാറിലെ പുളിക്കല്‍ സ്വദേശിനിയായ ചിരുത ഇസ്‌ലാം സ്വീകരിച്ച് ആമിനക്കുട്ടിയായി. വിചാരണക്കോടതിയില്‍ സ്വമനസ്സാലെ മതംമാറിയതാണെന്നു മൊഴി നല്‍കിയതോടെ യുവതിയെ സ്വന്തം ഇഷ്ടത്തില്‍ കോടതി വിട്ടയച്ചു. എന്നാല്‍, പുറത്തിറങ്ങിയ ആമിനക്കുട്ടിയെ സഹോദരനും പാലക്കാട് ആര്‍എസ്എസ് വിഭാഗ് കാര്യവാഹക് ജഗന്നിവാസനും (കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് സെക്്ഷന്‍ ഓഫിസറായി വിരമിച്ചയാളാണ് ഇദ്ദേഹം) കുത്തിക്കൊന്നു. അന്ന്് ആര്‍എസ്എസുകാരെ പേടിച്ച്് ആമിനയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുന്നതിനു പകരം മഞ്ചേരി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് മറമാടിയത്. ഈ കേസില്‍ സഹോദരനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ജഗന്നിവാസനെ വെറുതെവിട്ടു. 1998 ആഗസ്തില്‍ തിരൂരില്‍ സ്വര്‍ണപ്പണിക്കാരനായിരുന്ന ആമപ്പാറയ്ക്കല്‍ യാസി ര്‍   ആര്‍എസ്എസുകാരാല്‍ ക്രൂരമായി വധിക്കപ്പെട്ടു. സുഹൃത്ത് അബ്ദുല്‍ അസീസിന് മാരകമായി പരിക്കേറ്റു. അയ്യപ്പനെന്ന യാസിര്‍ ഇസ്്‌ലാമിലേക്കു മാറുകയും തലക്കാട് ആര്‍എസ്എസ് ശാഖയിലെ ബൈജുവെന്ന അസീസ് അടക്കമുള്ളവരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ഈ വിരോധത്തിലാണ് എട്ടംഗ ആര്‍എസ്എസ് സംഘം രാത്രിയുടെ മറവില്‍ കൊല നടത്തിയത്. ഈ കേസിലെ മുഴുവന്‍ പ്രതികളെയും മഞ്ചേരി സെഷന്‍സ് കോടതിയും സുപ്രിംകോടതിയും വെറുതെവിട്ടു. മഞ്ചേരി സെഷന്‍സ് ജഡ്ജി ചന്ദ്രദാസ് പ്രതികളെ സഹായിക്കുന്ന നിലപാടാണ് കോടതിയില്‍ കൈക്കൊണ്ടതെന്നു പരാതിയുണ്ടായിരുന്നു.ഹിന്ദുമതം വിട്ടുപോവുന്നവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്നതാണ് ആര്‍എസ്എസിന്റെ പ്രഖ്യാപിത നയം. ഒന്നുകില്‍ അത്തരക്കാരെ കൊന്ന് കൊലവിളിക്കും, അല്ലെങ്കില്‍ മനോരോഗികളാക്കും. ഇതിന് അവരെ സഹായിക്കാന്‍ ഈ വിഭാഗത്തില്‍പ്പെട്ട ഡോക്ടര്‍മാരുടെ ഒരു സംഘം തന്നെയുണ്ട്. ഇതിന് പോലിസിലെ വലിയൊരു വിഭാഗത്തിന്റെ സഹായവും ലഭിക്കാറുണ്ടെന്നതാണു സത്യം. മതം മാറിയതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാന്‍ പോവുന്നതിനിടെ ആര്‍എസ്എസുകാര്‍ തട്ടിക്കൊണ്ടുപോയവരുടെ പട്ടിക നീണ്ടതാണ്. മലപ്പുറം ജില്ലയില്‍ മാത്രം ഇത്തരത്തില്‍ 27 കേസുകളുണ്ട്. അംഗീകൃത മതപരിവര്‍ത്തനകേന്ദ്രമായ പൊന്നാനി മഊനത്തുല്‍ ഇസ്‌ലാംസഭയില്‍ നിന്ന് അവരുടെ വാഹനത്തില്‍ ഒന്നോ രണ്ടോ ജീവനക്കാരോടൊപ്പമാണ് കേസില്‍ ഹാജരാവുന്നവരെ പറഞ്ഞയക്കാറ്. ഇവരെ വീക്ഷിച്ച് പൊന്നാനിയില്‍നിന്നു പുറപ്പെടുമ്പോള്‍ മുതല്‍ ആര്‍എസ്എസുകാരുണ്ടാവും. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വാഹനം തടഞ്ഞുനിര്‍ത്തി ഹാജരാക്കാന്‍ കൊണ്ടുപോവുന്നവരെ തട്ടിക്കൊണ്ടുപോവും. മുസ്്‌ലിംകള്‍ അക്കാലത്ത് ഇക്കാര്യം ഗൗരവത്തില്‍ എടുത്തിരുന്നില്ല. തട്ടിക്കൊണ്ടുപോവുന്നവരെ പീഡിപ്പിച്ചും വിവാഹം കഴിപ്പിച്ചും അവരെ ഹിന്ദുമതത്തില്‍ തന്നെ നിലനിര്‍ത്തുകയാണു പതിവ്. ഒരുനിലയ്ക്കും വഴങ്ങാത്തവരെ കുടുംബത്തിന്റെ സമ്മതത്തോടെ ഷോക്കടിപ്പിച്ച് മനോരോഗികളാക്കും. ഇതിനായി കുതിരവട്ടം മാനസികരോഗാശുപത്രിയില്‍നിന്നു വിരമിച്ച ഡോക്ടര്‍മാരുടെ സേവനവും സംഘപരിവാരത്തിനു ലഭിച്ചിരുന്നു. തട്ടിക്കൊണ്ടുപോവപ്പെട്ടവരില്‍ ഏറ്റവും പ്രമുഖയാണ് റഹീമ. നിറമരുതൂരില്‍ ജമാഅത്തെ ഇസ്്‌ലാമിയുടെ മുന്‍കൈയില്‍ പ്രവര്‍ത്തിച്ചിരുന്ന വെല്‍െഫയര്‍ സെന്ററില്‍നിന്നാണ് ആര്‍എസ്എസുകാര്‍ രാധാമണിയെന്ന ഈ ബിരുദധാരിയെ തട്ടിക്കൊണ്ടുപോയത്. രാത്രിയില്‍ ഒരുപറ്റം ഹിന്ദുത്വര്‍ വന്ന് ഈ കുട്ടിയെ ബലംപ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നു. സ്വന്തം നിലയില്‍ പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാംസഭയില്‍ നിന്ന് ഇസ്്‌ലാം പഠിച്ച് മതംമാറി കൂടുതല്‍ പഠിക്കാന്‍ വന്നതായിരുന്നു ഇവര്‍. 1990ലായിരുന്നു സംഭവം. ഇതിനെതിരേ താനൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ല. ഒടുവില്‍ ഹേബിയസ് കോര്‍പസ് ഹൈക്കോടതിയില്‍ വന്നപ്പോഴാണ് ഒരുമാസത്തോളം ഒളിവിലായിരുന്ന ഈ 20കാരിയെ രക്ഷിതാക്കള്‍ കോടതിയില്‍ ഹാജരാക്കിയത്. ഇതിനിടയില്‍ നിര്‍ബന്ധപൂര്‍വം ഇവരെ വിവാഹവും കഴിപ്പിച്ചു. രക്ഷിതാക്കളോടൊപ്പം കോടതി പറഞ്ഞയക്കുകയും ചെയ്തു. മൂന്നിയൂരിലെ അസ്്‌ലം അബ്ദുല്ല, വളാഞ്ചേരിയിലെ ഡോക്ടര്‍, വള്ളിക്കുന്നിലെ പ്രമുഖ യുക്തിവാദിയുടെ സഹോദരന്‍ എന്നിങ്ങനെ ആര്‍എസ്എസുകാരുടെ തട്ടിക്കൊണ്ടുപോവലുകളില്‍നിന്നു രക്ഷപ്പെട്ടവരുടെ അനുഭവങ്ങള്‍ നിരവധിയാണ്. മുസ്്‌ലിംകള്‍ സംഘടിതമായി ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ തുടങ്ങിയതോടെയാണ് തട്ടിക്കൊണ്ടുപോവലുകള്‍ ഒരുപരിധിവരെയെങ്കിലും അവസാനിച്ചത്. ആര്‍എസ്എസുകാര്‍ തട്ടിക്കൊണ്ടുപോവുകയോ കൊലപ്പെടുത്തുകയോ മറ്റു രീതിയില്‍ പീഡനങ്ങള്‍ക്കിരയാക്കുകയോ ചെയ്ത കേസുകളിലൊന്നും ഫലപ്രദമായ അന്വേഷണംപോലും നടന്നിട്ടില്ലെന്നതാണു സത്യം. മാധ്യമങ്ങള്‍ പലതും മൂടിവയ്ക്കുന്നു. എന്നാല്‍, മറിച്ചുള്ള സംഭവങ്ങള്‍ വലിയതോതില്‍ ആഘോഷിക്കപ്പെടുകയും കാടിളക്കിയുള്ള അന്വേഷണങ്ങള്‍ നടക്കുകയും ചെയ്യുന്നു. ലൗ ജിഹാദും ഐഎസ് ബന്ധവുമൊക്കെ ആരോപിച്ച് കുളംകലക്കുന്നത് സ്വന്തം ഭീകരമുഖം മറച്ചുവയ്ക്കാനുള്ള ആര്‍എസ്എസിന്റെ തന്ത്രമാണെന്നു തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂട. തയ്യാറാക്കിയത്: കെ പി ഒ റഹ്്മത്തുല്ലഏകോപനം: എം ടി പി റഫീക്ക്                        (അവസാനിച്ചു)
Next Story

RELATED STORIES

Share it