Editorial

കൊറിയന്‍ ചര്‍ച്ച പ്രതീക്ഷ നല്‍കുന്നു

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അപ്രതീക്ഷിതമായാണ് സമാധാനത്തിന്റെ ഒലീവിലകള്‍ മുന്നോട്ടുവച്ചത്. പുതുവര്‍ഷ സന്ദേശത്തിലാണ് ദക്ഷിണ കൊറിയയുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനും ആണവ നിര്‍വ്യാപന നടപടികള്‍ക്കും തന്റെ രാജ്യം തയ്യാറാണ് എന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി പ്രഖ്യാപിച്ചത്.
തൊട്ടുപിന്നാലെ, ദക്ഷിണ കൊറിയയില്‍ നടന്ന ശീതകാല ഒളിംപിക്‌സില്‍ ഇരു കൊറിയകളും ഒന്നിച്ചാണ് പങ്കെടുത്തത്. ഉടനെ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഒരു ഉന്നതതല സംഘം ഉത്തരകൊറിയ സന്ദര്‍ശിക്കുകയും ചെയ്തു. ആ വേളയിലാണ് സംഘര്‍ഷ ലഘൂകരണത്തിന് ചര്‍ച്ചകള്‍ക്കായി ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നേരിട്ടു സംസാരിക്കാനും താന്‍ തയ്യാറാണെന്ന് കിം ജോങ് ഉന്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച രണ്ടു ദിവസങ്ങളിലായി കൊറിയകള്‍ക്കിടയിലെ സമാധാനഗ്രാമത്തില്‍ കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും നടത്തിയ ചര്‍ച്ചകള്‍ വലിയ നേട്ടങ്ങളാണു കൈവരിച്ചത്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ 70 വര്‍ഷമായി യുദ്ധകാല അവസ്ഥയില്‍ തന്നെയായിരുന്നു. അതു മാറ്റി പൂര്‍ണമായ സമാധാന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാനും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നിരവധി പുതിയ നടപടികള്‍ സ്വീകരിക്കാനും രണ്ടു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി.
ലോകത്തെ സംബന്ധിച്ചിടത്തോളം ഇതു വളരെ പ്രധാനമായ ഒരു ചുവടുവയ്പാണ്. കാരണം, കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ലോകത്ത് ആണവയുദ്ധ സാധ്യത നിലനിന്ന പ്രദേശങ്ങളിലൊന്നാണ് കൊറിയന്‍ ഉപഭൂഖണ്ഡം. ഉത്തര കൊറിയ തങ്ങളുടെ ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ നിരന്തരമായി നടത്തിക്കൊണ്ടിരുന്നത് ദക്ഷിണ കൊറിയയിലും ജപ്പാനിലും വലിയ ഉല്‍ക്കണ്ഠ സൃഷ്ടിച്ചിരുന്നു. ആണവായുധങ്ങള്‍ തടയുന്നതിന് അമേരിക്കയുടെ താഡ് എന്ന സംവിധാനം കഴിഞ്ഞ വര്‍ഷമാണ് സോള്‍ ഭരണകൂടം സ്ഥാപിച്ചത്. സ്ഥിതിഗതികള്‍ അതീവഗുരുതരം എന്ന നിലയിലാണ് ഏതാനും മാസങ്ങള്‍ക്കു മുമ്പുവരെ വിലയിരുത്തപ്പെട്ടിരുന്നത്.
അതില്‍നിന്നുള്ള മാറ്റം അദ്ഭുതകരവും അപ്രതീക്ഷിതവുമായിരുന്നു. ഉത്തര കൊറിയ ആണവ പരീക്ഷണത്തിന് ഉപയോഗിക്കുന്ന ഒരു പ്രധാന സംവിധാനം അടച്ചുപൂട്ടുകയാണെന്ന് ആ രാജ്യം വ്യക്തമാക്കിക്കഴിഞ്ഞു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ തീരുമാനം നടപ്പാക്കാനാണ് അവരുടെ നീക്കം. അതു വീക്ഷിക്കാന്‍ ദക്ഷിണ കൊറിയയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള വിദഗ്ധരെയും മാധ്യമപ്രവര്‍ത്തകരെയും അവര്‍ ക്ഷണിച്ചിരിക്കുകയാണ്.
മെയ് മാസത്തില്‍ നടക്കുമെന്നു പ്രതീക്ഷിക്കുന്ന കിം-ട്രംപ് ചര്‍ച്ചകള്‍ക്കു മുന്നോടിയായാണ് ഈ നീക്കങ്ങള്‍. ഉത്തര കൊറിയ സാമ്പത്തിക മേഖലയില്‍ മുന്നേറുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് പുതിയ നീക്കങ്ങള്‍ നടത്തുന്നത്. ആണവപ്പന്തയം ആര്‍ക്കും ഗുണം ചെയ്യുന്നതല്ല. സാമ്പത്തികാഭിവൃദ്ധി ലോകത്തിന് ഗുണകരമാണുതാനും. അതിനാല്‍ ഇപ്പോഴത്തെ നീക്കങ്ങള്‍ പൂര്‍ണ ഫലപ്രാപ്തിയിലെത്തട്ടെ എന്ന് ആശംസിക്കുകയാണ്.
Next Story

RELATED STORIES

Share it