thrissur local

കൊട്ടിഘോഷിക്കുന്ന തരത്തിലുള്ള പനി ഭീഷണി സംസ്ഥാനത്ത് ഇല്ലെന്ന് മന്ത്രി ; പ്രചാരണം മരുന്ന് കമ്പനികളെ സഹായിക്കാന്‍



തൃശൂര്‍: കൊട്ടിഘോഷിക്കുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളോ, പനി ഭീഷണിയോ സംസ്ഥാനത്ത് ഇല്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയില്‍ പുസ്തക അലവന്‍സ് വിതരണവും കെട്ടിട നിര്‍മ്മാണോദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പനിയും പനി മരണവും വ്യാപകമാണെന്ന പ്രചാരണം മരുന്ന് കമ്പനികളെ സഹായിക്കുന്ന വിധത്തിലാണ്. മരുന്ന് കമ്പനികളുടെ കൊയ്ത്തു കാലത്തിന് അനുസൃതമായി ആരോഗ്യപ്രശ്‌നങ്ങള്‍ പെരുപ്പിച്ചു കാണിക്കുകയാണ്. പുതുതായി പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ എത്തിക്‌സ് കൈമോശം വരുന്നു. ഗ്രാമീണ മേഖലയില്‍ സേവനമനുഷ്ഠിക്കാന്‍ പുതിയ ഡോക്ടര്‍മാര്‍ തയ്യാറാകുന്നില്ല. സാമൂഹിക ബോധമില്ലാത്ത യുവതലമുറയാണ് ഈ മേഖലയിലേക്ക് കൂടുതലായും കടന്നു വരുന്നത്. ഇത് സര്‍വ്വകലാശാല ഗൗരവത്തോടെ കാണേണ്ടതുണ്ട്. അമിതമായ വാണിജ്യവല്‍ക്കരണമാണ് തങ്ങളുടെ സേവനത്തെ കച്ചവട താല്‍പര്യത്തോടെ മാത്രം സമീപിക്കാന്‍ പുതുതലമുറയെ പ്രേരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നിലപാട് സര്‍വ്വകലാശാല സ്വീകരിക്കേണ്ടതുണ്ട്. നിയമങ്ങളും ചട്ടങ്ങളുമനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കാന്‍ ഒരു സ്വാശ്രയ കോളജിനേയും അനുവദിക്കാന്‍ പാടില്ലെന്നും ആരോഗ്യ സര്‍വ്വകലാശാലയില്‍ പുതിയ തസ്തിക അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നും സൂനില്‍കുമാര്‍ പറഞ്ഞു. പി കെ ബിജു എംപി പുസ്തക അലവന്‍സ് വിതരണം നിര്‍വ്വഹിച്ചു. വൈസ് ചാന്‍സിലര്‍ പ്രഫ.ഡോ.എം കെ സി നായര്‍ അധ്യക്ഷനായിരുന്നു. അനില്‍ അക്കര എംഎല്‍എ, പ്രഫ.എ നളിനാക്ഷന്‍, പ്രഫ.എ കെ മനോജ്കുമാര്‍, എസ് സതീഷ് കുമാര്‍, ഡോ.എം കെ മംഗളം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it