കൊട്ടക്കാമ്പൂര്‍ ഭൂമി കൈമാറ്റംഅന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് അന്ത്യശാസനം

കൊച്ചി: ജോയ്‌സ് ജോര്‍ജ് എംപിയും കുടുംബവും ആരോപണ വിധേയരായ കൊട്ടക്കാമ്പൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി പോലിസിന് അന്ത്യശാസനം നല്‍കി. ഇത് അവസാന അവസരമാണെന്നും മാര്‍ച്ച് 10നകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. മാര്‍ച്ച് 12ന് കേസ് വീണ്ടും പരിഗണിക്കും.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരുമാസം സമയം വേണമെന്നാണ് പ്രോസിക്യൂഷന്‍ അഭ്യര്‍ഥിച്ചത്. കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ ഒരു മാസം അനുവദിച്ചതാണല്ലോയെന്ന് കോടതി ചോദിച്ചു. അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും പട്ടയങ്ങള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ആര്‍ഡിഒയുടെ റിപോ ര്‍ട്ട് ലഭിച്ചെന്നും ഒരെണ്ണമൊഴിച്ച് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ ലഭിച്ചെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. കേസിലെ സാക്ഷികളില്‍നിന്ന് മൊഴിയെടുക്കാന്‍ തൊടുപുഴ കോടതി സമന്‍സ് അയച്ചതായും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. പോലിസ് കാലാകാലങ്ങളില്‍ സമര്‍പ്പിക്കുന്ന റിപോര്‍ട്ടുകള്‍ പഴയ റിപോര്‍ട്ടുകളുടെ പകര്‍പ്പ് മാത്രമാണെന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. അന്വേഷണം സമയത്തിനകം തീര്‍ത്തില്ലെങ്കില്‍ കേസ് മറ്റാര്‍ക്കെങ്കിലും കൈമാറുമെന്ന് ഈ ഘട്ടത്തില്‍ കോടതി വാക്കാല്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ വാദം പരിഗണിച്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടുമാസം കൂടി അനുവദിച്ച് ഉത്തരവിറക്കിയത്.
ഭൂമി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുകേഷ്, എന്‍ കെ ബിജു എന്നിവര്‍ സമര്‍പ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടു എട്ട് പേരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ദേവികുളം പോലിസ് സ്റ്റേഷനില്‍ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it