malappuram local

കൊടിഞ്ഞിയില്‍ മണ്ണ് മാഫിയ വിലസുന്നു

തിരൂരങ്ങാടി: കൊടിഞ്ഞി തിരുത്തി പാടത്ത് മണ്ണ് മാഫിയ സജീവമായി. പാടത്തും തോടുകളിലും ആഴമേറിയ കുഴികള്‍ കുഴിച്ചാണ് മണ്ണ് കടത്തുന്നത്. ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. തിരുത്തി പാലത്തിന്റെ അടുത്ത് നിന്നും പള്ളിക്കത്താഴത്ത് നിന്നും കുറൂല്‍ പാടത്ത് നിന്നുമാണ് ഇരുട്ടിന്റെ മറവില്‍ മണ്ണ് കടത്തുന്നത്.
രാത്രി പത്തു മണിക്ക് ശേഷമാണ് ഇവിടെ മണ്ണ് മാന്തി യന്ത്രവും ടിപ്പര്‍ ലോറിയുമുപയോഗിച്ച് മണ്ണ് കടത്തുന്നത്. ആദ്യ ദിവസങ്ങളില്‍ തിരുത്തി പാലം പ്രവൃത്തി പൂര്‍ത്തിയായതോടെ തോട് ആഴം കൂട്ടുകയാണെന്നു പറഞ്ഞാണ് മണ്ണ് കടത്തിയിരുന്നത്. എന്നാല്‍ പിന്നീട് കരാറുകാരനോട് അന്വേഷിച്ചപ്പോഴാണ് ഇത്തരത്തില്‍ തോട് ആഴം കൂട്ടുന്നില്ലെന്ന് വ്യക്തമായത്. പിന്നീട് രണ്ടാം ദിവസത്തില്‍ മണ്ണ് എടുക്കുന്നത് പോലിസില്‍ വിവരം അറിയിച്ചെങ്കിലും പോലിസ് എത്തിയപ്പോഴേക്കും മണ്ണ് മാഫിയ കടന്നു കളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും ഒന്ന് ഇടവെട്ട ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ നിന്നും മണ്ണ് കടത്തല്‍ സജീവമാണ്. ജല സ്രോതസ്സ് സംരക്ഷിക്കുന്നതിനും പുതിയവ രൂപപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ കുഴികളെടുക്കുന്നതെന്നും പറഞ്ഞാണ് ചിലയിടങ്ങളില്‍ നിന്നും മണ്ണ് കടത്തിയത്.
ഇത്തരത്തില്‍ കൊടിഞ്ഞിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ലോഡ് മണ്ണാണ് മാഫിയ കടത്തുന്നത്. തിരുത്തി പാലത്തിനടുത്ത് കുഴിയെടുത്തത് പാലത്തിന് തന്നെ ഭീഷണിയാകുമോ എന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്. മാത്രവുമല്ല ഇത്തരത്തില്‍ കുഴികളെടുത്താല്‍ വെള്ളം വന്നാല്‍ ഇവിടെ കുളിക്കാനെത്തുന്നവര്‍ കുഴിയില്‍ വീണ് അപകടത്തില്‍ പെടാന്‍ സാധ്യതയും ഏറെയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ഇവിടെ അപകടങ്ങളില്‍ പെട്ട് മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it