ernakulam local

കൊച്ചി ആസ്വദിച്ചു വയനാട്ടിലെ ആദിവാസി സ്റ്റുഡന്റ് പോലിസ് കേഡറ്റ്‌സ്‌



കൊച്ചി: കൊച്ചി ആസ്വദിച്ചു വയനാട്ടിലെ ആദിവാസി സ്റ്റുഡന്റ് പോലിസ് കേഡറ്റ്‌സ്. എറണാകുളം റേഞ്ച് ഐജി പി വിജയന്റെ ക്ഷണം സ്വീകരിച്ച് വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നുള്ള സ്റ്റുഡന്റ് പോലിസ് കേഡറ്റ്‌സ് (എസ്പിസി)കുട്ടികളാണ് കൊച്ചിയില്‍ എത്തിയത്. രാവിലെ കൊച്ചിയില്‍ എത്തിയ കുട്ടികള്‍ കൊച്ചി മെട്രോയും മാളുകളും സന്ദര്‍ശിച്ചു. കുട്ടികള്‍ക്കായി ഐജി അദ്ദേഹത്തിന്റെ വീട്ടില്‍ സദ്യ ഒരുക്കിയിരുന്നു. ഭക്ഷണത്തിനു ശേഷം ഐജി കുട്ടികളുമായി ഒരു മണിക്കൂര്‍ പാട്ടും ചോദ്യോത്തരങ്ങളുമായി ചെലവഴിച്ചു. സെന്‍ട്രല്‍ സിഐ അനന്തലാല്‍, വിനയ് വര്‍മ്മ എന്നിവരും ഒപ്പമുണ്ടായിരുന്നു. സംസാരത്തില്‍ ഐജി കുട്ടികളോട് മയക്കുമരുന്നിന്റെ ദോഷങ്ങളെ കുറിച്ച് സ്വയം മനസ്സിലാക്കണമെന്നും പിന്നീട് നാട്ടുകാരെയും പറഞ്ഞു മനസ്സിലാക്കണമെന്നും പറഞ്ഞു. എസ്പിസിയില്‍ അംഗമായതിനു ശേഷം എല്ലാ കാര്യങ്ങള്‍ക്കും ആത്മവിശ്വാസം ഉണ്ടെന്നു കുട്ടികള്‍ ഐജിയോട് പറഞ്ഞു. ചെറിയ ലോകത്തു നിന്നും നിങ്ങള്‍ വലിയ ലോകത്തേക്ക് വരണമെന്നും ചൂഷണങ്ങള്‍ക്ക് വിധേയരാകരുതെന്നും അദ്ദേഹം കുട്ടികളെ ഓര്‍മപ്പെടുത്തി. ആഗ്രഹങ്ങള്‍ വലുതായിരിക്കണമെന്നും കുട്ടികളുടെ അറിവും ആഗ്രഹങ്ങളും ഉയര്‍ത്തുന്നതിനും ലോകം അറിയുന്നതിനും ഈ യാത്ര ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം കുട്ടികള്‍ക്കായി മറൈന്‍ ഡ്രൈവില്‍ ബോട്ട്  യാത്ര ഒരുക്കിയിരുന്നു. കുട്ടികളുടെ ആദ്യ ബോട്ട് യാത്ര എറണാകുളം അസി. കമ്മീഷണര്‍ കെ ലാല്‍ജി മധുരം കൊടുത്ത് കൂടുതല്‍ മധുരതരമാക്കി. സെന്‍ട്രല്‍ സിഐ അനന്തലാല്‍ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു. അധ്യാപകരായ എം സി അശോകന്‍, വി എം കുര്യാക്കോസ്, ജയശ്രീ, സ്റ്റാഫ് ഹാരിസ്, പോലിസുദ്യോഗസ്ഥരായ സജ്‌ന, സഞ്ജന്‍ എന്നിവരും ഉണ്ടായിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം വരിക്കുന്ന സ്‌കൂളാണ് വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചതും കുട്ടികള്‍ക്ക് വലിയ അനുഭവമായിരുന്നു.
Next Story

RELATED STORIES

Share it