കൊച്ചിയില്‍ നിന്നു പോയ 500 തൊഴിലാളികളെക്കുറിച്ച് വിവരമില്ല

കൊച്ചി/മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റിന് മുമ്പ് കൊച്ചിയില്‍ നിന്നു മല്‍സ്യബന്ധനത്തിനായി പോയ 217 ബോട്ടുകളില്‍ 45 ഓളം ബോട്ടുകളും 500ഓളം തൊഴിലാളികളെ സംബന്ധിച്ചും യാതൊരു വിവരവുമില്ല. അതേസമയം കൊച്ചിയില്‍ നിന്നു പോയ രണ്ട് ബോട്ടുകള്‍ നിറയെ മല്‍സ്യവുമായി തോപ്പുംപടി ഹാര്‍ബറിലെത്തി.മഹാരാഷ്ട്ര തീരത്ത് മല്‍സ്യബന്ധനത്തിലേര്‍പ്പെട്ട റോസാ മിസ്റ്റിക്ക, യഹോവ സാക്ഷി എന്നി ബോട്ടുകളാണ് കോര മല്‍സ്യവുമായി ഹാര്‍ബറിലെത്തിയത്. 13 ഓളം മലയാളികള്‍ ഉള്‍പ്പെടെ 29 തൊഴിലാളികളാണ് രണ്ട് ബോട്ടുകളിലായി ഉണ്ടായിരുന്നത്. തിരമാലകള്‍ ശക്തമായിരുന്നെങ്കിലും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. അതേസമയം ഓഖി ചുഴലിക്കാറ്റില്‍ പെട്ട് ഒമ്പത് ബോട്ടുകള്‍ മംഗലാപുരം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ എത്തിയതായി വിവരം ലഭിച്ചു.അതേസമയം രക്ഷപ്പെട്ട് എത്തിയ തൊഴിലാളികള്‍ കടലാക്രമണത്തില്‍ തകര്‍ന്നെന്ന് അറിയിച്ച ഗ്രീഷ്മ, തുഴല്‍ അന്തോണിയാന്‍ ഒന്ന്, വിജോവിന്‍, താജ്മഹല്‍, ആവേ മരിയ, സെന്റ് പീറ്റര്‍ പോള്‍, മാതാ എന്നീ ബോട്ടുകളെ സംബന്ധിച്ചോ അതിലെ തൊഴിലാളികളെ സംബന്ധിച്ചോ യാതൊരു വിവരവും ലഭ്യമായിട്ടില്ല. കാറ്റ് ദുര്‍ബലമായ സാഹചര്യത്തില്‍ ഇതരസംസ്ഥാനങ്ങളിലെ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബോട്ടുകളെ അടിയന്തരമായി കൊച്ചി ഫിഷറീസ് ഹാര്‍ബറിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ലോങ് ലൈന്‍ ആന്റ് ഗില്‍ നെറ്റ് ഏജന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ എം നൗഷാദ്, സെക്രട്ടറി എം ജിദ്, ഫിഷറീസ് കോ-ഓഡിനേഷന്‍ കമ്മിറ്റി ജില്ലാ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് എന്നിവര്‍ ആവശ്യപ്പെട്ടു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം തൂത്തുക്കുടിയില്‍ നിന്നും മല്‍സ്യബന്ധനത്തിനായി പുറപ്പെട്ട ഐലന്റ് ക്യൂന്‍, ദിവ്യ എന്നീ ബോട്ടുകള്‍ ഇന്നലെ തോപ്പുംപടി ഹാര്‍ബറിലെത്തി. രണ്ട് ബോട്ടുകളിലായി 18 തൊഴിലാളികളാണുണ്ടായിരുന്നത്. കൂടുതല്‍ മല്‍സ്യത്തൊഴിലാളികളെ  ഉള്‍പ്പെടുത്തിക്കൊണ്ട് നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും തിരച്ചില്‍ തുടരുകയാണ്. നാവികസേനയുടെ  ഐഎന്‍എസ് കല്‍പേനി, ഐഎന്‍സ് കാബ്ര എന്നീ കപ്പലുകള്‍ ഇന്നലെയും പുറങ്കടലില്‍ തിരച്ചില്‍ നടത്തി. കാബ്ര അറബിക്കടലിന്റെ തെക്ക് കിഴക്ക് മേഖലകളില്‍ ഇന്നു വീണ്ടും തിരച്ചില്‍ നടത്തും. മല്‍സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടയില്‍ കടലില്‍വച്ച് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിംഗപൂര്‍ കപ്പലിനും നേവി രക്ഷകരായി. സിംഗപൂരില്‍ നിന്നും മാലദ്വീപിലേക്കു പോവുകയായിരുന്ന ബെസ് പവര്‍ എന്ന കപ്പലിന്റെഇന്ധനമാണ് മിനികോയിക്കു സമീപം കടലില്‍വച്ച്  തീര്‍ന്നുപോയത്. തുടര്‍ന്ന് നേവിയുടെ ഐഎന്‍എസ് ഷാര്‍ദുല്‍ എന്ന കപ്പല്‍ എത്തി 45 ടണ്‍ ഇന്ധനം പകര്‍ന്നുനല്‍കിയതിനു ശേഷമാണ് ഇവര്‍ക്ക് യാത്ര തുടരാനായത്. ഓഖി ചുഴലിക്കാറ്റില്‍ പെട്ട ഒമ്പതു മല്‍സ്യബന്ധന ബോട്ടുകളാണ് നേവി രക്ഷപ്പെടുത്തി ലക്ഷദ്വീപിലെത്തിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ കല്‍പേനി, ആന്ദ്രോത്ത് എന്നിവിടങ്ങളിലാണ് ബോട്ടുകള്‍ ഉള്ളത്. ഒമ്പതു ബോട്ടുകളിലായി 93 മല്‍സ്യത്തൊഴിലാളികളാണുള്ളതെന്ന് നേവി അധികൃതര്‍ പറഞ്ഞു. നിഖില്‍ മോന്‍, മദര്‍, നീല്‍ സാമുവല്‍, എസ് എസ് മാതാ, വിണ്ണരസി, ബ്ലെസിങ്, ജൂഡ്‌സ്, ലിബ്ലെര്‍ എന്നീ ബോട്ടുകളാണ് ഇവ. എല്ലാ ബോട്ടുകളും തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ളതാണ്. ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ലക്ഷദ്വീപില്‍ ഇന്നലെയും നാവികസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ സഹായവും എത്തിച്ചുനല്‍കി. ഭക്ഷണസാമഗ്രികള്‍, കുടിവെള്ളം അടക്കമുള്ള സഹായമാണ് നേവിയുടെ നേതൃത്വത്തില്‍ ഇന്നലെയും എത്തിച്ചുനല്‍കിയത്.
Next Story

RELATED STORIES

Share it