ernakulam local

കൊച്ചിയില്‍ നിന്നും പോയ 70 ബോട്ടുകളെക്കുറിച്ച് വിവരമില്ല

മട്ടാഞ്ചേരി: കൊച്ചിയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ 14 ബോട്ടുകള്‍ കൂടി ഇന്നലെ തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ തിരിച്ചെത്തി. 14 ബോട്ടുകളിലായി 168 തൊഴിലാളികളും മടങ്ങിയെത്തിയിരിക്കുന്നത്.
ഗോഡ് ഗിഫ്റ്റ്, മനല്‍ മാതാ, അല്ലേലുയാ, മഹാ നന്ദന്‍, നോഹ ഷാര്‍ക്ക്, സാംസണ്‍ ഒന്ന്, സാംസണ്‍ രണ്ട്, ബതേല്‍, മഞ്ഞു മതാ ഒന്ന്, മഞ്ഞു മാതാ രണ്ട്, മലയില്‍, ദൈവധനം, സെന്റ് മേരി, വര്‍ഷിണി എന്നീ ബോട്ടുകളാണ് ഇന്നലെ രാവിലെ തോപ്പുംപടി ഹാര്‍ബറില്‍ തിരികെയെത്തിയത്. ഓഖി ചുഴലിക്കാറ്റില്‍ കാണാതായ ബോട്ടുകളാണ് ഇന്നലെ തിരിച്ചെത്തിയത്.
കൊച്ചിയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ ബോട്ടുകളില്‍ ഇനി എഴുപതെണ്ണം കൂടി മടങ്ങിയെത്താനുണ്ട്. ഇവ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എഴുപത് ബോട്ടുകളിലായി 800 ഓളം തൊഴിലാളികളെ കണ്ടെത്താനുണ്ട്. ഇന്നലെ നടത്തിയ തിരിച്ചിലില്‍ നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഒരാളുടെ മൃതദേഹം ഇന്നലെ പുലര്‍ച്ചെ ഫിഷറീസ് വകുപ്പിന്റെ കടല്‍ സംരക്ഷണസേന നടത്തിയ തിരിച്ചിലിലും മൂന്നു മൃതദേഹങ്ങള്‍  കൊച്ചിയിലെ പുറംകടലില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ തിരച്ചലിലുമാണ് കണ്ടെടുത്തത്.
പുറംകടലില്‍ ഞാറയ്ക്കല്‍നിന്ന് പത്ത് നോട്ടിക്കല്‍ ദൂരത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇരുപത് നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിന്നാണ് മറ്റു രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ രാത്രിയോടെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഫിഷറീസ് വകുപ്പിന്റെ കടല്‍ സംരക്ഷണസേന കണ്ടെത്തിയത് 45 വയസ്സുതോന്നിക്കുന്നയാളുടെ മൃതദേഹമാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കടലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്നാണ് തിരച്ചിലിനു പോയ മല്‍സ്യതൊഴിലാളികള്‍ പറയുന്നത്.അതേസമയം കൊച്ചി കേന്ദ്രീകരിച്ച് രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയെങ്കിലും തോപ്പുംപടി ഹാര്‍ബറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പരാജയമാണെന്ന് ലോങ്ങ് ലൈന്‍ ബോട്ട് ആന്റ് ബയിങ് ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തോപ്പുംപടി ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ലെയ്‌സന്‍ സെന്റര്‍ ആരംഭിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. ദു:ഖം രേഖപ്പെടുത്തി കൊണ്ട് തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ ഇന്നലെ ഹര്‍ത്താലാചരിച്ചു. തുടര്‍ന്ന് നടന്ന  യോഗം പ്രഫ കെ വി തോമസ് എംപി ഉല്‍ഘാടനം ചെയ്തു. എ എം നൗഷാദ് അധ്യക്ഷത വഹിച്ചു.കെ ജെ മാക്‌സി എംഎല്‍എ, ചാള്‍സ് ജോര്‍ജ്, കെ എം റിയാദ്  സംസാരിച്ചു.
Next Story

RELATED STORIES

Share it