thrissur local

കൈയൊഴിഞ്ഞ് നഗരസഭ, കണ്ണടച്ച് കുളം സംരക്ഷണ സമിതി

വടക്കാഞ്ചേരി: കുടിവെള്ളം കിട്ടാക്കനിയായി കൊണ്ടിരിക്കുമ്പോള്‍ വടക്കാഞ്ചേരിയില്‍ പൊതുകുളം അധികൃതരുടെ അനാസ്ഥയില്‍ നശിക്കുന്നു. മാലിന്യങ്ങള്‍ തള്ളി കുപ്പത്തൊട്ടി കണക്കേ ആയിരിക്കുകയാണ് ഓട്ടുപാറയിലെ പൊതുകുളം. ഓട്ടുപാറയില്‍ നഗരസഭയുടെ പരിധിയില്‍ വരുന്ന താലൂക്ക് ഹോസ്പിറ്റലിനു സമീപമുള്ള പൊതുകുളമാണ് അധികൃതരുടെ കെടുകാര്യസ്ഥത മൂലം മാലിന്യ നിക്ഷേപകരുടെ താവളമാകുന്നത്.
ഒരു വര്‍ഷം മുന്‍പ് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഒത്തുചേര്‍ന്ന് കുള സംരക്ഷണ സമിതി രൂപീകരിച്ചെങ്കിലും സ്ഥലം അളന്ന് കുറ്റിയടിച്ചതിനു ശേഷം അധികൃതരോ സംരക്ഷണ സമിതിയോ തിരിഞ്ഞു നോക്കിയിട്ടില്ല എന്നതാണ് വസ്തുത. അനിയന്തിതമായ മാലിന്യനിക്ഷേപം മൂലം കുളത്തിന്റെ പലഭാഗവും ഇപ്പോള്‍ പൊന്തക്കാടായി മാറിയിരിക്കുകയാണ്. അതിനു പുറമേ കുളത്തില്‍ നിറഞ്ഞുകിടക്കുന്ന രീതിയില്‍ പ്ലാസ്റ്റിക്കും ഭക്ഷണ അവശിഷ്ടങ്ങളും കുമിഞ്ഞിരിക്കയാണ്. പച്ചക്കറി അവശിഷ്ടങ്ങള്‍ ഉള്‍പ്പടെ മാലിന്യ കൂമ്പാരവും കൊണ്ട് നിറഞ്ഞിരിക്കുകയാണ് കുളം.
പ്രദേശത്തെ മുഴുവന്‍ മാലിന്യവും ഇവിടെയാണ് കൊണ്ടുവന്നു തള്ളുന്നത്.  ഇതൊന്നും കാണുന്നില്ല എന്ന മട്ടിലാണ് നഗരസഭാ അധികൃതര്‍. കുളം സംരക്ഷണ സമിതിയാകട്ടെ പിന്നീട് ഈ വഴിക്കു പോലും വന്നിട്ടില്ല എന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കുളം എത്രയുംപെട്ടെന്ന് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ജലക്ഷാമം പരിഹരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it