Idukki local

കൈയേറ്റ സ്ഥലം ഒഴിപ്പിച്ചെടുത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കൈമാറി

ഇടുക്കി: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി വോളിബോള്‍ അക്കാദമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുത്തു. കലക്ടറുടെ നിര്‍ദേശ പ്രകാരം റവന്യു ഡിപാര്‍ട്ട്‌മെന്റ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മേലധികാരികള്‍ പോലിസ് സാന്നിധ്യത്തില്‍ എത്തിയാണ് സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുത്തത്. അഞ്ചു വര്‍ഷം മുമ്പ് ഇടുക്കി ഐഡിഎ സ്റ്റേഡിയത്തിനോട് ചേര്‍ന്ന് തങ്കമണി വില്ലേജില്‍പ്പെട്ട അഞ്ചേക്കര്‍ സ്ഥലം വോളിബോള്‍ അക്കാദമിക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അക്കാദമിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയതിനാല്‍ സമീപവാസികള്‍ ഉള്‍പ്പടെ പലരും സ്ഥലം കൈവശപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലം അളന്നുതിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ കളക്ടറുമായി ബന്ധപ്പെടുകയായിരുന്നു.  കളക്ടറുടെ നിര്‍ദ്ദേശാനുസരണം ആര്‍ഡിഒ എം പി വിനോദിന്റെ നേതൃത്വത്തില്‍ സ്ഥലം അളന്ന് തിരിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കൈമാറുകയായിരുന്നു. ഇടുക്കി തഹസില്‍ദാര്‍ എ അശോകന്‍, ഡപ്യുട്ടി തഹസില്‍ദാര്‍ ഇ കെ മോഹന്‍ദാസ്, തങ്കമണി വില്ലേജ് ഓഫിസര്‍ ബിജുമോന്‍, സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് എല്‍ മായാദേവി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പോലിസ് സംരക്ഷണത്തോടെ സ്ഥലം അളന്നു തിരിച്ച് കൈയേറ്റം ഒഴിവാക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ക്കു നല്‍കിയത്.
Next Story

RELATED STORIES

Share it