കൈക്കൂലി: ദേവികുളം റിട്ട. മുന്‍ ബിഡിഒയ്ക്ക് ഒരു വര്‍ഷം തടവ്

മൂവാറ്റുപുഴ: ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ വീട് നിര്‍മിക്കുന്നതിന് ആനുകൂല്യം ലഭിച്ചയാളില്‍ നിന്നു കൈക്കൂലി വാങ്ങിയ കേസില്‍ ദേവികുളം റിട്ട. മുന്‍ ബിഡിഒ തിരുവനന്തപുരം അമരവിള സ്വദേശി എം ജി അജയകുമാറിനെ ഒരുവര്‍ഷം തടവിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചു. ഇതിനുപുറമെ 20,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാതിരുന്നാല്‍ ഒരുമാസം കൂടി ജയില്‍ശിക്ഷ അനുഭവിക്കണം. ദുര്‍ബല ജനവിഭാഗത്തില്‍ ഭവന നിര്‍മാണത്തിന് അര്‍ഹതപ്പെട്ടയാളുടെ കൈയില്‍ നിന്നു കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ബി കലാം പാഷയാണ് ശിക്ഷ വിധിച്ചത്. 2013 സപ്തംബര്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം. ഇടുക്കി പൂപ്പാറ കാലായില്‍ ഗീത അജിയുടെ പേരിലാണ് ഇന്ദിര ആവാസ് പദ്ധതി പ്രകാരം വീട് നിര്‍മിക്കുന്നതിന് ആനുകൂല്യം ലഭിച്ചത്. രണ്ടുലക്ഷം രൂപയായിരുന്നു ധനസഹായമായി അനുവദിച്ചത്. ആദ്യഗഡുവായി 1,15,000 രൂപയും രണ്ടാം ഗഡുവായി ലഭിക്കേണ്ട 85,000 രൂപയില്‍ 50,000 രൂപയും ലഭിച്ചു. ശേഷിക്കുന്ന 35,000 രൂപ നല്‍കണമെങ്കില്‍ 5,000 രൂപ കൈക്കൂലിയായി നല്‍കണമെന്നു ബിഡിഒ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന്, ഗീത വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരം ഗീതയുടെ ഭര്‍ത്താവ് അജി കൈക്കൂലി തുക കൈമാറി. പണം ബിഡിഒ കൈപ്പറ്റാതെ മേശയ്ക്കുള്ളില്‍ ഇടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനാല്‍ കെമിക്കല്‍ പരിശോധന നടത്താനായില്ല. എന്നാല്‍, മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. അഴിമതിനിരോധന വകുപ്പുപ്രകാരം ഇടുക്കി വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയാണ് കേസ് ചാര്‍ജ് ചെയ്തത്.
Next Story

RELATED STORIES

Share it