thrissur local

കൈക്കൂലിക്കാരില്‍ ഏറെയും ഇടതു യൂനിയനില്‍പ്പെട്ടവര്‍ : സി എന്‍ ജയദേവന്‍ എംപി



ഗുരുവായൂര്‍: സംസ്ഥാനതലത്തില്‍ സിപിഐ-സിപിഎം പോരുമുറുകുന്നതിനിടെ ഭരണത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ സി എന്‍ ജയദേവന്‍ എംപി. എല്ലാം ശരിയാവണമെങ്കില്‍ ശരിയാവും വിധം എല്ലാം പോവണമെന്നും സി എന്‍ ജയദേവന്‍ എംപി തുറന്നടിച്ചു. പണിയെടുക്കാത്തവരും കൈക്കൂലിക്കാരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ബഹുഭൂരിഭാഗവും ഇടതുപക്ഷ യൂനിയനില്‍പ്പെട്ടവരാണെന്നും എല്‍ഡിഎഫിന് മുദ്രവാക്യം വിളിച്ചാല്‍പോരാ ആദര്‍ശം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ നഗരസഭയുടെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഓഫിസുകളില്‍ ഒരു കടലാസ് മേശപ്പുറത്തുനിന്നും അടുത്ത മേശപ്പുറത്തേക്ക് എത്താന്‍ ആറുമാസമെങ്കിലും വേണം. എത്ര ഗൗരവമുള്ളതായാലും അവരത് ഒരു വര്‍ഷം വച്ചുപിടിക്കും. ഇത് ദുഷ്പ്രഭുത്വമാണ്. എംപിയായ തന്റെ മണ്ഡലത്തില്‍ മേല്‍പാലത്തിനായി കേന്ദ്രസര്‍ക്കാര്‍ തുക മാറ്റിവച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് പദ്ധതി വൈകുന്നതെന്നും ജയദേവന്‍ കുറ്റപ്പെടുത്തി. സ്‌കൂളുകളുടെ വികസനത്തിന് 75 ലക്ഷം നല്‍കി. പക്ഷേ ആറുമാസമായി അതിന്റെ ഫയല്‍ കലക്ടറുടെ മേശപ്പുറത്തുനിന്ന് നീങ്ങുന്നില്ല. പല സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്്് നീട്ടുകയാണ്്. ആരാണ് ഇതൊക്കെ ഇനി ചെയ്യുക. ആര്‍ക്കും യാതൊരു ഉത്തരവാദിത്വവുമില്ല. ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശാന്തകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാറില്‍ കില ഫാല്‍ക്കറ്റി ഡോ. കെ കെ അമൃത, നഗരസഭ വൈസ് ചെയര്‍മാന്‍ കെ പി വിനോദ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിര്‍മല കേരളന്‍, സുരേഷ് വാരിയര്‍, എം രതി, ആര്‍ വി അബ്ദുള്‍മജീദ്, ഷൈലജ ദേവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it