കേസുകള്‍ നീട്ടിവയ്ക്കുന്നത് തീര്‍പ്പാക്കാന്‍ വൈകുന്നു

ന്യൂഡല്‍ഹി: രാജ്യത്ത്് കേസുകള്‍ തീര്‍പ്പാകുന്നതു വൈകാനുള്ള കാരണങ്ങളിലൊന്ന് നീട്ടിവയ്ക്കലിന്റെ സംസ്‌കാരം സ്വാഭാവികമായി മാറിയതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്്. കോടതികളില്‍ കേസുകള്‍ നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടുന്നതിന്റെ സംസ്‌കാരം നടപടികള്‍ വൈകാന്‍ കാരണമാവുകയാണ്. ഇതു വെട്ടിക്കുറയ്ക്കാന്‍ ജുഡീഷ്യറി ശ്രമങ്ങള്‍ ആരംഭിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. കേസുകളില്‍ അവധി പറയുന്നതു വല്ലപ്പോഴും സംഭവിക്കുന്ന കാര്യമെന്ന നിലയില്‍ നിന്നു സ്ഥിരമായി സംഭവിക്കുന്ന കാര്യമായി മാറി. ഇക്കാര്യം കുറച്ചുകൊണ്ടുവരാന്‍ ജുഡീഷ്യറി ആത്മാര്‍ഥമായ ശ്രമം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ കോടതികളിലായി 3.3 കോടിയോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ 2.84 കോടി കേസുകളും കീഴ്‌ക്കോടതികളിലാണ്. 43 ലക്ഷം കേസുകള്‍ ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്നു. സുപ്രിംകോടതിയില്‍ 5800 കേസുകളാണ് കെട്ടിക്കിടക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. സുപ്രിംകോടതി അഭിഭാഷകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Next Story

RELATED STORIES

Share it