കേരള ബാങ്ക് രൂപീകരണം: കോടതിയെ സമീപിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സഹകരണ പ്രസ്ഥാനം ഇല്ലാതാവുമെന്നും അതിനെ എല്ലാ കോടതികളിലും ചോദ്യംചെയ്യുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
സാമ്പത്തിക തകര്‍ച്ച നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള ഉപായമായാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്.
സഹകരണ മേഖലയെയും അതിനെ ആശ്രയിക്കുന്ന ജനലക്ഷങ്ങളെയും തകര്‍ത്തു കൊണ്ട് പണം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ കുറുക്കുവഴി തേടുകയാണ്. സംസ്ഥാന സര്‍ക്കാരിന് ആവശ്യമെങ്കില്‍ കേരള ബാങ്ക് രൂപീകരിക്കാം. പക്ഷേ അതു സഹകരണ പ്രസ്ഥാനത്തെ കുരുതി കൊടുത്തുകൊണ്ടാവരുതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ലാഭകരമായി പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ 250 കോടി രൂപ നഷ്ടത്തിലോടുന്ന സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കുന്നതോടെ സഹകരണ പ്രസ്ഥാനത്തിന് അന്ത്യംകുറിക്കും. സഹകരണ പ്രസ്ഥാനവുമായി സിപിഎമ്മിനു യാതൊരു വൈകാരിക ബന്ധവും ഉണ്ടായിരുന്നില്ല.
അതുകൊണ്ടു തന്നെ അവ ഇല്ലാതാക്കാന്‍ അവര്‍ക്കു യാതൊരു മനസ്സാക്ഷിക്കുത്തുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള ഏതു നീക്കത്തെയും ശക്തമായി ചെറുക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

Next Story

RELATED STORIES

Share it