കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തൊഴില്‍ സുരക്ഷാ മാര്‍ച്ച് സംഘടിപ്പിക്കും

തിരുവനന്തപുരം: മാധ്യമ തൊഴില്‍ മേഖലയിലെ പിരിച്ചുവിടലുകള്‍ക്കെതിരെയും കരാര്‍ തൊഴിലില്‍ പോലും സുരക്ഷിതത്വം ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിയമത്തിനെതിരെയും ഈമാസം 24ന് തൊഴില്‍ സുരക്ഷാ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്റെ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാനസമിതിയോഗം തീരുമാനിച്ചു.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ന്യൂസ് 18 ടിവി എന്നീ സ്ഥാപനങ്ങളില്‍ നിന്നും 20 ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്. ഇതിനെതിരേ കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനുമായി ചേര്‍ന്ന് ശക്തമായ കാംപയിന്‍ സംഘടിപ്പിക്കും. ആദ്യഘട്ടമായി 24ന് കൊച്ചി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഓഫിസിലേക്ക് മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ ജീവനക്കാരുടെയും മാര്‍ച്ച് സംഘടിപ്പിക്കും. തുടര്‍ന്ന് വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃപരമായ പങ്കാളിത്തത്തോടെ റാലികളും കണ്‍വന്‍ഷനുകളും നടത്തും. ന്യൂസ് 18 ടിവിയിലെ സ്ഥിരം ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഇന്ന് എറണാകുളത്ത് ചേരുന്ന ദേശീയ ട്രേഡ് യൂനിയന്‍ നേതൃകണ്‍വന്‍ഷന്‍ യൂനിയന്‍ സംസ്ഥാന സമിതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന കരാര്‍ തൊഴില്‍ നിയമം ഉടമകള്‍ ആദ്യം നടപ്പാക്കിയിരിക്കുന്നത് മാധ്യമമേഖലയിലാണ്.
രാജ്യത്തെ ഇതര തൊഴില്‍ മേഖലകളില്‍ എല്ലാം ഈ പ്രവണത അധികം വൈകാതെ പടരും. ഇതിനെതിരേ മുഴുവന്‍ ട്രേഡ് യൂനിയനുകളും ജാഗരൂകരാവേണ്ടതുണ്ടെന്നും യോജിച്ച ചെറുത്തുനില്‍പ്പ് അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it