kozhikode local

കേരളീയര്‍ ഇപ്പോഴും മാനസിക അടിമത്തത്തില്‍ : ടി പത്മനാഭന്‍



കോഴിക്കോട്: രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിലും കേരളീയര്‍ ഇപ്പോഴും മാനസിക അടിമത്തത്തിലാണെന്നു സാഹിത്യകാരന്‍ ടി പത്മനാഭന്‍. മലയാളികളില്‍ നല്ലൊരു വിഭാഗവും മലയാളം സംസാരിക്കുന്നത് അപമാനകരമായി കരുതുന്നവരാണ്. ലോകത്തെവിടെയും അമ്മയെ മറ്റൊരു ഭാഷയില്‍ വിളിക്കുന്ന പതിവില്ല. എന്നാല്‍, അച്ഛനെയും അമ്മയെയും സ്വന്തം ഭാഷയില്‍ വിളിക്കുന്നത് കുറവായി കരുതുന്നവരാണ് മലയാളികളില്‍ ചിലരെങ്കിലുമെന്നും അദ്ദേഹം പറഞ്ഞു. വിവര, പൊതുജന സമ്പര്‍ക്ക വകുപ്പ്  മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് മലയാള വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച  ഔദ്യോഗിക ഭാഷാ വാരാഘോഷത്തിന്റെയും കേരളപ്പിറവി ദിനാഘോഷത്തിന്റേയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് അഞ്ച് വര്‍ഷം കൊണ്ട് യശ്ശസിലേക്കുയര്‍ന്നതാണ്  തിരൂരിലെ മലയാളം സര്‍വകലാശാല. നിലവിലുള്ള വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ പുതിയ വിസിയാവാനായി പല ഭാഗ്യാന്വേഷികളും പരക്കം പാച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍, അവിടെ അര്‍ഹമായ യോഗ്യതയും അര്‍പ്പണബോധവുമുള്ള പുതിയ വൈസ് ചാന്‍സലറെ നിയമിക്കാന്‍ സര്‍ക്കാര്‍ ഗൗരവ ശ്രദ്ധ പുലര്‍ത്തണം. കെട്ടിടങ്ങളുടെ വലിപ്പംകൊണ്ട് വിദ്യാലയങ്ങള്‍ ഉന്നതനിലവാരത്തിലെത്തില്ല. ഇന്ത്യയില്‍ മാതൃഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാതെ ബിരുദധാരികളാവുന്നത് മലയാളികള്‍ മാത്രമാണ്. മലയാളം ഒൗദ്യോഗിക ഭാഷയാക്കുന്നതിനോട് വിദ്യാഭ്യാസ രംഗത്തുള്ളവരാണ് പ്രധാനമായും എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. ശാസ്ത്ര വിഷയങ്ങള്‍ ഇംഗ്ലീഷില്‍ മാത്രമേ പഠിപ്പിക്കാന്‍ കഴിയൂ എന്നാണ് അതിനായി നിരത്തുന്ന വാദങ്ങള്‍. ലോകത്തില്‍ ശാസ്ത്ര -സാങ്കേതിക രംഗത്ത് കുതിപ്പ് നടത്തുന്ന ജര്‍മനി, ജപ്പാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാ വിഷയങ്ങളും പ്രാദേശിക ഭാഷയിലാണ് പഠിപ്പിക്കുന്നത്. ഇംഗ്ലീഷ് പഠിക്കുമ്പോള്‍ മാതൃഭാഷയെ പുച്ഛിച്ച് തള്ളുന്ന രീതിയാണ് മാറേണ്ടത്. ഇന്ത്യയില്‍ ഏറ്റവും ഭാഷാസ്‌നേഹം തമിഴര്‍ക്കാണ്.  ഭരണതലത്തില്‍ മാതൃഭാഷയുടെ മാഹാത്മ്യം മനസിലാക്കിയ ചില മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരും വിദ്യാഭ്യാസ ഭാഷ മലയാളത്തിലാക്കണമെന്ന തീരുമാനമെടുത്തിട്ടുണ്ട്. നിയമം കൊണ്ട് മാത്രം ഭാഷാ സ്‌നേഹം നടപ്പാവില്ല. ഈ വിഷയത്തില്‍ ലോവര്‍ പ്രൈമറി അധ്യാപകര്‍ മുതല്‍ കോളജ് തലത്തിലുള്ള അധ്യാപകര്‍ വരെ പരിശ്രമിക്കണം.   ഭരണഭാഷ മലയാളത്തിലാക്കുന്നതില്‍ വിഷമമില്ല. കോടതി ഭാഷയുടെ കാര്യത്തില്‍ മാത്രമാണ് ബുദ്ധിമുട്ടുള്ളത്. താഴെ തട്ടിലുള്ള കോടതികളിലെ ഭാഷ മാറ്റാന്‍ കഴിയുമെങ്കിലും ഹൈക്കോടതി തലത്തില്‍ വിഷമമുണ്ട്. ചിന്തിച്ച് ഈ കടമ്പകള്‍ തരണം ചെയ്താല്‍ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. കലക്ടടര്‍ യു വി ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍, പ്രിന്‍സിപ്പല്‍ പ്ര ഫ. പി എ ശിവരാമകൃഷ്ണന്‍, കോളജ് യുയുസി വിശ്രുത്, അധ്യാപകന്‍ എം സത്യന്‍ സംസാരിച്ചു. മാധവി കുമാറിന്റെ മോഹിനിയാട്ടവും അരങ്ങേറി.  കാംപസ് രാഷ്ട്രീയം നിരോധിക്കുന്നത് അഭികാമ്യമല്ലെന്നും  അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it