കേരളാ കോണ്‍ഗ്രസ് (എം) സമ്മേളനത്തിനു തുടക്കമായി;നിര്‍ണായക രാഷ്ട്രീയ ചര്‍ച്ച നാളെ

കോട്ടയം: നെഹ്‌റു സ്‌റ്റേഡിയത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി ഇന്നലെ വൈകീട്ട് അഞ്ചിനു പതാക ഉയര്‍ത്തിയതോടെ കേരളാ കോണ്‍ഗ്രസ് എം മഹാസമ്മേളനത്തിനു തുടക്കമായി. കേരളാ കോണ്‍ഗ്രസ്സിന്റെയും കേരള രാഷ്ട്രീയത്തിന്റെയും ഭാവിയില്‍ ഏറെ നിര്‍ണായകമാവുന്ന സമ്മേളനത്തിനാണു തുടക്കമായത്. സമ്മേളനം നാളെ സമാപിക്കും. നാളെ രാവിലെ 10നു ഹോട്ടല്‍ ഐഡ ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം നടക്കും. നിര്‍ണായകമായ രാഷ്ട്രീയ ചര്‍ച്ചകള്‍ പ്രതിനിധി സമ്മേളനത്തിലുണ്ടാവുമെന്നാണു വിലയിരുത്തല്‍.  നേതൃമാറ്റത്തിന്റെ കാര്യത്തിലും തല്‍ക്കാലം തീരുമാനമെടുക്കാന്‍ സാധ്യതയില്ല. അതേസമയം പാര്‍ട്ടിയുടെ ഭാവി മുന്നേറ്റങ്ങള്‍ക്ക് ഉതകുന്ന തരത്തില്‍ വലിയ ജനപിന്തുണ തെളിയിക്കുന്ന സമ്മേളനമായി ഇതു മാറും. വലിയ തീരുമാനങ്ങള്‍ തല്‍ക്കാലം എടുക്കാനായില്ലെങ്കിലും പാര്‍ട്ടിയുടെ ഭാവി നിര്‍ണയിക്കുന്ന സമ്മേളനമാവും ഇത്.അതേസമയം, കേരള കോ ണ്‍ഗ്രസ്സിന്റെ മഹാസമ്മേളനത്തില്‍ ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി.  എന്നാല്‍, മുന്നണി പ്രവേശനം എന്നതു സമ്മേളനത്തിന്റെ അജണ്ടയിലില്ല. യുഡിഎഫ് വിട്ടപ്പോള്‍ പാര്‍ട്ടിയുടെ കഥകഴിഞ്ഞെന്നായിരുന്നു പലരും പ്രചരിപ്പിച്ചത്. എന്നാല്‍, ഒറ്റയ്ക്ക് നിന്നു കരുത്തു തെളിയിച്ച പാര്‍ട്ടിയുടെ ശക്തി കണ്ടു പലരും ഇപ്പോള്‍ പിന്നാലെ നടക്കുകയാണ്. തുറന്ന മനസ്സോടെയാണു കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ നില്‍ക്കുന്നത്. അനുയോജ്യമായ സമയത്ത്, അനുയോജ്യമായ തീരുമാനം എടുക്കാന്‍ പാര്‍ട്ടിക്ക് അറിയാം. ഏതു മുന്നണിയില്‍ പ്രവേശിക്കണമെന്ന് ആ സമയത്തു  തീരുമാനിക്കും. പാര്‍ട്ടിയുടെ അജണ്ടയുമായി യോജിക്കുന്ന മുന്നണി വന്നാല്‍ അപ്പോള്‍ ആലോചിക്കും- അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it