Flash News

'കേരളത്തില്‍ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം'

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി ഡോ. നോമഫ്രങ്ക് മോംബോ. അന്തര്‍ദേശീയതലത്തില്‍ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. എങ്കിലും ദക്ഷിണാഫ്രിക്കയുടെ ആരോഗ്യരംഗം വളരെ പിറകിലാണ്. ഇത്രയും പരിമിതമായ ചുറ്റുപാടില്‍ നിന്നു കേരളം എങ്ങനെ മാതൃകാപരമായ ആരോഗ്യ പുരോഗതി കൈവരിച്ചു എന്നത് അദ്ഭുതകരമാണെന്നും ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി പറഞ്ഞു.
മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘവുമായി സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘം കേരളത്തിലെ ആരോഗ്യമേഖലയെ അടുത്തറിയാനാണ് ഇവിടെയെത്തിയത്.
ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രാലയത്തിലെ ഡോ. ഡഗ്ലസ് ന്യൂമാന്‍, ആരോഗ്യവകുപ്പിലെ ചീഫ് ഡയറക്ടര്‍ ഡോ. ക്രിഷ് വല്ലാബ്ജി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. കേരളത്തിലെ ചെലവു കുറഞ്ഞ ചികില്‍സാരീതി എങ്ങനെ ദക്ഷിണാഫ്രിക്കയില്‍ നടപ്പാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംഘം പഠനം നടത്തും. പ്രാഥമികാരോഗ്യതലത്തില്‍ തന്നെ മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികില്‍സിക്കാന്‍ കഴിയുന്ന പദ്ധതി ദക്ഷിണാഫ്രിക്കയില്‍ എങ്ങനെ നടപ്പാക്കാന്‍ കഴിയും എന്നതും സംഘം ചര്‍ച്ചചെയ്തു.
Next Story

RELATED STORIES

Share it