Flash News

കേരളത്തിലോടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ജീവനക്കാരില്ലാത്തതിനാല്‍ കേരളത്തിലോടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളത്തിനും കൊല്ലത്തിനുമിടയില്‍ സര്‍വീസ് നടത്തുന്ന മെമു, പാസഞ്ചര്‍ ട്രെയിനുകളാണ് താല്‍ക്കാലികമായി റദ്ദാക്കിയത്. രണ്ട്മാസത്തിനു ശേഷം സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ശബരിമല സീസണോടനുബന്ധിച്ച് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നതിനാല്‍ ജീവനക്കാരുടെ അഭാവമുണ്ട്. ഇതിനുപുറമെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതും സര്‍വീസുകള്‍ക്ക് തടസ്സമാണെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു, എറണാകുളം-കായംകുളം പാസഞ്ചര്‍, എറണാകുളം- കൊല്ലം മെമു, ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയത്. ഇവയുടെ മടക്കയാത്രയും ചേരുമ്പോള്‍ ആകെ എട്ട് ട്രയിനുകളുടെ സര്‍വീസാണ് രണ്ടുമാസത്തേക്ക് റദ്ദാക്കിയത്. ഇന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും. രണ്ട് മാസത്തേക്കാണ് റദ്ദാക്കുന്നതെങ്കിലും യാത്രക്കാര്‍ക്ക് വലിയ പ്രയാസം നേരിടുകയും പരാതികള്‍ ഉയരുകയും ചെയ്താല്‍ കൂടുതല്‍പേര്‍ ആശ്രയിക്കുന്ന ട്രെയിനുകള്‍ പുനസ്ഥാപിക്കുന്ന കാര്യം പരിഗണിച്ചേക്കും. ഒരു മെമുവില്‍ ഒരു ലോക്കോ പൈലറ്റും ഒരു ഗാര്‍ഡുമാണ് ജീവനക്കാരായി വേണ്ടത്. പാസഞ്ചര്‍ ട്രെയിനില്‍ രണ്ട് ലോക്കോ പൈലറ്റും ഒരു ഗാര്‍ഡും. ശബരിമല സീസണ്‍ ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 130ഓളം ട്രയിനുകള്‍ ഈ പാതയില്‍ സര്‍വീസ് നടത്തുന്നുണ്ട്. അതിനാല്‍, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് വരാന്‍ ഇടയില്ലെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. ഇത് കൂടാതെ അറ്റകുറ്റപ്പണികള്‍ക്കായി ട്രാക്ക് മെഷീനും ബല്ലാസ്റ്റ് മെഷീനും പ്രവര്‍ത്തിക്കണം. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി റദ്ദാക്കിയ ട്രയിനുകളിലെ ജീവനക്കാരെ പുനര്‍വിന്യസിക്കാനാണ് തീരുമാനം. ശബരിമല സീസണ്‍ കഴിയും വരെയാണ് പുതിയ ക്രമീകരണം. വൈകീട്ടും രാവിലെയുമുള്ള പ്രധാന പാസഞ്ചറുകള്‍ റദ്ദാക്കിയിട്ടില്ലെന്നും റെയില്‍വേ വിശദീകരിക്കുന്നു. അതേസമയം, തിരുവനന്തപുരം ഡിവിഷനിലെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ ശനിയാഴ്ച മുതല്‍ രണ്ടുമാസത്തേക്ക് റദ്ദാക്കാനുള്ള ദക്ഷിണ റെയില്‍വേയുടെ തീരുമാനം അടിയന്തരമായി പുനപ്പരിശോധിക്കണമെന്ന് മന്ത്രി ജി സുധാകരന്‍. കൊല്ലം-എറണാകുളം മേഖലയില്‍ സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ മെമു സര്‍വീസുകളാണ് ജീവനക്കാരുടെ കുറവ് കാരണമായി പറഞ്ഞ് റദ്ദാക്കിയത്. റെയില്‍വേ ട്രാക്കുകളിലെ അറ്റകുറ്റപ്പണികള്‍മൂലം ട്രെയിനുകള്‍ അനിശ്ചിതമായി വൈകിയോടുന്ന സാഹചര്യത്തില്‍ ട്രെയിനുകള്‍ റദ്ദാക്കിയ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്ന് മന്ത്രി റെയില്‍വേ അധികാരികളോട് പ്രസ്താവയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it