malappuram local

കേരളത്തിലെ ആദ്യ സിന്തറ്റിക് ട്രാക്ക് ടെന്നിസ് അക്കാദമി എടപ്പാളില്‍

എടപ്പാള്‍: കേരളത്തിലെ ആദ്യ സിന്തറ്റിക് ട്രാക്ക് ടെന്നീസ് അക്കാദമി എടപ്പാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സബ്‌സ്‌റ്റേഷനു മുന്നില്‍ ആരംഭിച്ച എടപ്പാള്‍ ടെന്നീസ് അക്കാദമിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ട് സിന്തറ്റിക് ട്രാക്കുകളാണ് ഒരുക്കിയിട്ടുള്ളത്. 70 സെന്റോളം സ്ഥലത്ത് ഒരുക്കിയ അക്കാദമിയില്‍ ഓഫിസ്, കോച്ചിങ് റൂം, പരിശീലകര്‍ക്ക് താമസ സൗകര്യം, വിശ്രമ സൗകര്യം എന്നിവയോടെയാണ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്‌കൂളുകളിലെ 10 വയസ്സു മുതല്‍ 15 വയസ്സു വരെയുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും സ്‌പോര്‍ട്‌സില്‍ കഴിവുള്ളതുമായ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ സൗജന്യ പരിശീലനം നല്‍കും. കൂടാതെ പ്രായത്തിനനുസരിച്ച് പല കാറ്റഗറിയായി തിരിച്ചാണു പരിശീലനം നല്‍കുന്നത്.
ദിവസവും ആഴ്ച്ചയിലും, മാസത്തിലുമായി താല്‍പര്യമുള്ളവര്‍ക്ക് നിശ്ചിത ഫീസില്‍ പരിശീലനം നല്‍കും. അഞ്ച് വയസ്സുമുതലുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ സൗകര്യമുണ്ട്. ടെന്നീസ് റാക്കറ്റ്, ബോള്‍, സ്‌പോര്‍ട്‌സ് ഷൂ എന്നിവ ഇവിടെനിന്ന് ലഭിക്കും. മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ കെ അജെഷ് എടപ്പാള്‍ ടെന്നീസ് അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എടപ്പാള്‍ ഹോസ്പിറ്റല്‍ എംഡി ഡോ. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു.
എടപ്പാള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഭാരവാഹി സഫ ഷാജി, വാര്‍ഡ് മെംബര്‍ ബാബുരാജ്, ടി പ്രസാദ്, ഇടിഎ ചീഫ് പ്രമോട്ടര്‍മാരായ എ വി അഭിലാഷ്, ശശികല പങ്കജാഷന്‍ പങ്കെടുത്തു. എടപ്പാളില്‍ ടെന്നീസ് അക്കാദമി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ രാജ്യന്തര നിലവാരത്തിലുള്ള നിരവധി മല്‍സരങ്ങള്‍ ഇവിടെ നടത്താന്‍ കഴിയുമെന്നും എടപ്പാള്‍ ഒരു സ്‌പോര്‍ട്‌സ് വില്ല എന്ന ലക്ഷ്യത്തിലേക്കാണ് യാത്ര ചെയ്യുന്നതെന്നും ചീഫ് പ്രമോട്ടര്‍മാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it