കേരളത്തിന് 133 കോടി അനുവദിച്ചു

തിരുവനന്തപുരം: ഓഖി ദുരന്തം പ്രത്യേക സാഹചര്യമായി കണക്കാക്കി കേരളത്തിന് 133 കോടി രൂപ അനുവദിച്ചതായി ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്രസംഘത്തിന്റെ തലവന്‍ വിപിന്‍ മാലിക് പറഞ്ഞു. ദുരന്തബാധിത മേഖലയായ ബീമാപള്ളി, വിഴിഞ്ഞം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. അടിയന്തര സഹായമായി അനുവദിച്ച 133 കോടി രൂപ ഉടനെ കൈമാറും.
കാണാതായ മല്‍സ്യത്തൊഴിലാളികള്‍ക്കു വേണ്ടി തിരച്ചില്‍ തുടരും. മല്‍സ്യത്തൊഴിലാളികളുമായി സംസാരിച്ച് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ സംഘം, സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും ദുരന്തത്തിന്റെ തീവ്രത കേന്ദ്രത്തെ ബോധ്യപ്പെടുത്തുമെന്നും അറിയിച്ചു. മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കളെ സംഘം സന്ദര്‍ശിച്ചു. കൊച്ചിയില്‍ ചെല്ലാനം, തോപ്പുംപടി ഹാര്‍ബര്‍ എന്നിവിടങ്ങളും സന്ദര്‍ശിച്ചു.
അടിയന്തര ധനസഹായമായി 422 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. കേരളം സന്ദര്‍ശിച്ച പ്രധാനമന്ത്രിക്കു മുമ്പില്‍ 7,340 കോടിയുടെ പ്രത്യേക പാക്കേജും അവതരിപ്പിച്ചിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തിയ കേന്ദ്രസംഘം ദുരന്തബാധിത മേഖലകളില്‍ തെളിവെടുപ്പ് തുടരുകയാണ്. ദുരന്തനിവാരണ അഡീഷനല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.
Next Story

RELATED STORIES

Share it