kannur local

കേരളം ഒഴുകിയെത്തി, കീഴാറ്റൂര്‍ വയലിലേക്ക്

തളിപ്പറമ്പ്: വയല്‍നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ സമരം നടക്കുന്ന കീഴാറ്റൂര്‍ വയലിലേക്ക് കേരളം ഒഴുകിയെത്തി. വയല്‍ക്കിളികള്‍ എന്ന പേരില്‍ കര്‍ഷക കൂട്ടായ്മ നടത്തുന്ന സമരത്തെ പോലിസിനെ ഉപയോഗിച്ചും കൈയ്യൂക്കിലൂടെയും സിപിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരേയുള്ള താക്കീത് കൂടിയായിരുന്നു ആയിരങ്ങള്‍ പങ്കെടുത്ത ബഹുജന മാര്‍ച്ച്.
നാടിനു കാവല്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ സമരത്തിനു കിടപിടിക്കുന്ന ശക്തിപ്രകടനമാണ് ഇന്നലെ നടന്നത്. വൈകീട്ട് മൂന്നോടെ തളിപ്പറമ്പ് നഗരത്തില്‍ നിന്നു തുടങ്ങിയ മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും വിവിധ രാഷ്ട്രീയ-പാരിസ്ഥിതിക സംഘടനകളുടെയും പ്രവര്‍ത്തകര്‍ അണിനിരന്നു.
മുഷ്ടി ചുരുട്ടിയും മുദ്രാവാക്യം വിളിച്ചും ഉച്ചവെയിലിനെ കൂസാതെ വയലിലേക്കു നീങ്ങിയ മാര്‍ച്ച് കണ്ട് കീഴാറ്റൂര്‍ ജനത തന്നെ അമ്പരന്നു. വഴിയോരങ്ങളിലെല്ലാം ഞങ്ങള്‍ വികസനത്തിന് എതിരല്ല, വികസന വിരോധികളെ ഒറ്റപ്പെടുത്തുക എന്ന വരികളടങ്ങിയ ചുവന്ന ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിനു പുറമെ, മാന്യമായ നഷ്ടപരിഹാരം നല്‍കിയതിനാല്‍ വികസനത്തിനു വേണ്ടി ഞാന്‍ ഭൂമി വിട്ടുകൊടുത്തിട്ടുണ്ട് എന്നെഴുതി വിവിധ ഭൂഉടമകളുടെ പേരുവച്ച് വയലില്‍ ബോര്‍ഡും സ്ഥാപിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മഹാരാഷ്ട്രയില്‍ ലോങ് മാര്‍ച്ചിലൂടെ വിസ്മയം തീര്‍ത്ത അഖിലേന്ത്യാ കിസാന്‍ സഭയുടെ ചെങ്കൊടി വയലില്‍ അങ്ങിങ്ങായി നാട്ടിയിട്ടുണ്ട്. ഇതിനു പുറമെ ചുവന്ന റിബണ്‍ കൊണ്ട് ഭൂമി വിട്ടുകൊടുത്ത സ്ഥലം പാര്‍ട്ടി വക അളന്നുതിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും സമരത്തിനെത്തുന്നവെ പിറകോട്ടടിപ്പിച്ചില്ല. വയലേലകളിലെ സമരത്തിന് നിശ്ചയദാര്‍ഢ്യത്തിന്റെയും ഐക്യത്തിന്റെയും വിളംബരമായി മാറുകയായിരുന്നു മാര്‍ച്ച്. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ജാനകിയമ്മ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ സല്‍സബീല്‍ ഗ്രീന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ ഗാനാവതരണവും ഉണ്ടായി.
Next Story

RELATED STORIES

Share it