kozhikode local

ശക്തമായ കടല്‍ക്ഷോഭം; തീരദേശവാസികള്‍ ഭീതിയില്‍

വടകര: നഗര പരിധിയിലെ താഴെ അങ്ങാടി തീരദേശത്ത് ശക്തമായ കടല്‍ക്ഷേഭം. വിവിധ പ്രദേശങ്ങളായ കൊയിലാണ്ടി വളപ്പ്, ആനാടി ഭാഗം, പുറങ്കര, മുകച്ചേരി ഭാഗം, കുരിയാടി, അഴിത്തല എന്നിവിടങ്ങളിലാണ് ശക്തമായ കടല്‍ക്ഷോഭം ഉണ്ടായത്. ഞായറാഴ്ച
വൈകീട്ട് നാലു മണിയോടെയാണ് തിരമാലകള്‍ സമീപത്തെ മദ്‌റസയിലേക്കും, വീടുകളിലേക്കും അടിച്ചു കയറിയത്. നിരവധി വീടുകള്‍ ഭീഷണിയിലാണ്. കാലം തെറ്റി വേനലിലുണ്ടായ ചുഴലി കാറ്റും, മഴയ്ക്കും പുറമെ കടല്‍ ക്ഷോഭവും ഉണ്ടായത് തീരദേശ മേഖലയെ ഭീതിയിലാഴ്ത്തിയിരിക്കയാണ്.
ഉള്‍കടലിലുണ്ടായ ശക്തമായ കാറ്റാണ് കടല്‍ ക്ഷോഭത്തിന് കാരണമെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. അതേ സമയം ഈ പ്രദേശത്ത് കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാറി,മാറി വരുന്ന ജന പ്രതിനിധികള്‍ തെരഞ്ഞെടുപ്പിന് മുന്‍പായി പല വാഗ്ദാനങ്ങളും നല്‍കുമെങ്കിലും ഇവിടെ കടല്‍ ഭിത്തി നിര്‍മ്മിക്കുന്ന കാര്യത്തില്‍ ഇതേ വരെ ആരും തന്നെ താല്പര്യം കാണിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സ്ഥലം എം.പി.മുല്ലപ്പള്ളി രാമചന്ദ്രനും.സി.കെ.നാണു എം.എല്‍.എയും ഇക്കാര്യത്തില്‍ ഫണ്ട് അനുവദിച്ചുണ്ടെന്ന് പറയുകയല്ലാതെ പ്രവൃത്തികള്‍ ഒന്നും തന്നെ ഇതേവരെ നടന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പലതവണ ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതികള്‍ സമര്‍പിച്ചിരുന്നു. കഴിഞ്ഞ ഓഖി ദുരന്ത സമയത്തും ശക്തമായ തിരമാലകള്‍ കരയിലേക്ക് ഇരച്ചു കയറ്റിയ പ്രദേശമാണ് താഴെ അങ്ങാടി തീരദേശം. ചില ഭാഗങ്ങളില്‍ കടല്‍ ഭിത്തി തീരെ ഇല്ലാത്ത അവസ്ഥയുമുണ്ട്. വേനല്‍ സമയത്തുണ്ടായ കടല്‍ക്ഷോഭത്തില്‍ ഇങ്ങിനെയാണെങ്കില്‍ കാലവര്‍ഷത്തെ സ്ഥിതി എന്താകുമെന്ന ഭീതിയിലാണ് തീരദേശ വാസികള്‍.
Next Story

RELATED STORIES

Share it