കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണം

സിദ്ദീഖ്  കാപ്പന്‍ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്ന് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്തു പരിഹാരം കാണണം. അണക്കെട്ടിലെ വെള്ളം തമിഴ്‌നാടിനു നല്‍കുന്നതിനു കേരളത്തിന് എതിര്‍പ്പില്ല. കേരളത്തിനു സുരക്ഷയാണ് പ്രധാനം. അതിനു പ്രധാനമന്ത്രി ഇടപെടണം. ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഉണ്ടാക്കണം. ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് കേരളം ആഗ്രഹിക്കുന്നത്. ചര്‍ച്ച നടക്കുന്നില്ലെങ്കില്‍ നിലവിലെ പഴക്കം ചെന്ന അണക്കെട്ടിനു പകരം പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുമതി നല്‍കണം. ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ അണക്കെട്ടിന്റെ ബലത്തെക്കുറിച്ച്  പുതിയ പഠനം നടത്തണം. ദേശീയ-അന്തര്‍ദേശീയ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തേണ്ടതെന്നും കേരളം ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങള്‍ ന്യായമാണെന്നു ബോധ്യമായ പ്രധാനമന്ത്രി ഉടനെ ഉദ്യോഗസ്ഥരെ വിളിച്ചു വിശദാംശങ്ങള്‍ ആരാഞ്ഞതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെന്നൈയിലെ പ്രളയത്തെത്തുടര്‍ന്ന് അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച കേരളത്തിന്റെ ഭീതി കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. നിലവിലെ അളവില്‍ തമിഴ്‌നാടിനു വെള്ളം നല്‍കാന്‍ തയ്യാറാണ്. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള മാന്യമായ ആവശ്യങ്ങള്‍ പോലും തമിഴ്‌നാട് അംഗീകരിക്കുകയോ അവര്‍ ചര്‍ച്ചയ്ക്കു സന്നദ്ധമാവുകയോ ചെയ്യുന്നില്ല. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ആദ്യം അനുമതി തന്നെങ്കിലും പിന്നീട് തമിഴ്‌നാട് സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പിന്‍വലിച്ചെന്നും പ്രധാനമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ പാരിസ്ഥിതിക പഠനത്തിനുള്ള അനുമതി റദ്ദാക്കിയ നടപടി ഉടനെ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു. കസ്തൂരി രംഗന്‍ റിപോര്‍ട്ട് സംബന്ധിച്ച് അന്തിമ വിജ്ഞാപനം എത്രയും വേഗം പുറപ്പെടുവിക്കുക, ശബരിമല ക്ഷേത്രത്തെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുക, വിലക്കുറവു കാരണം പ്രതിസന്ധിയിലായ റബര്‍ മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന പദ്ധതി പ്രഖ്യാപിക്കുക, മലബാര്‍ കാന്‍സര്‍ സെന്റര്‍ റീജ്യനല്‍ കാന്‍സര്‍ സെന്ററായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ 26 പേജുള്ള നിവേദനവും പ്രധാനമന്ത്രിക്കു നല്‍കി. കേരളത്തില്‍ എയിംസ് അനുവദിക്കുക, എയര്‍ കേരള എത്രയും വേഗം യാഥാര്‍ഥ്യമാവാനുള്ള നടപടി തുടങ്ങുക എന്നീ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.
........................
Next Story

RELATED STORIES

Share it