Flash News

കേന്ദ്ര സര്‍ക്കാരിന്റേത് വ്യാജ സ്‌നേഹം: മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് വനിതാ നേതാക്കള്‍

ന്യൂഡല്‍ഹി: ലിംഗവിവേചനം, വനിതാ ബില്ല്, പൊതു ഇടങ്ങളിലെ സ്ത്രീസുരക്ഷ, സ്ത്രീ വിദ്യാഭ്യാസം, ഭ്രൂണഹത്യ ഉള്‍പ്പെടെയുള്ള ഗൗരവമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെ മുത്ത്വലാഖ് വിഷയത്തില്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ ന്യൂനപക്ഷ വിധിയുടെ മറവില്‍ മുത്വലാഖ് ക്രിമിനല്‍വല്‍ക്കരിച്ചുള്ള നിയമം ധൃതിയില്‍ നടപ്പാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ക്കണ്ടാണെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വനിതാ വിഭാഗം.
തങ്ങള്‍ മുസ്‌ലിം സ്ത്രീകളോടുള്ള സ്‌നേഹം കൊണ്ടാണ് ഇത് ചെയ്യുന്നതെന്നു പറയുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കാപട്യമാണെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വനിതാ വിഭാഗം കണ്‍വീനര്‍ ഡോ. അസ്മ സഹ്‌റ ആരോപിച്ചു. വിഷയത്തില്‍ തങ്ങള്‍ക്കു പറയാനുള്ളത് കേള്‍ക്കണമെന്നഭ്യര്‍ഥിച്ച് പലതവണ രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചെങ്കിലും ഇതുവരെ ലഭിച്ചില്ലെന്നും ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് ഏറ്റവുമധികം അന്തസ്സ് നല്‍കുന്ന മതമാണ് ഇസ്‌ലാം. ആ മതത്തിനെ അവഹേളിക്കുകയാണ് സംഘപരിവാരം സര്‍ക്കാര്‍ ചെയ്യുന്നത്. പ്രതിഷേധ പരിപാടികള്‍ക്കു സമാപനം കുറിച്ച് ഇന്ന് രാംലീലാ മൈതാനിയില്‍ നൂറുകണക്കിനു സ്ത്രീകള്‍ പങ്കെടുക്കുന്ന റാലി നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു. നിലോഫര്‍ മുസഫര്‍, അതിയ സിദ്ദീഖ്, യാസ്മീന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it