കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ പ്രക്ഷോഭം ; യുഡിഎഫ് രാപ്പകല്‍ സമരം നാളെ



കോഴിക്കോട്്്: കേന്ദ്രത്തില്‍ നരേന്ദ്രമോദിയും കേരളത്തില്‍ പിണറായി വിജയനും നയിക്കുന്ന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരേ യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രാപകല്‍ സമരം നാളെ തുടങ്ങും. രാവിലെ പത്തിന് കോംട്രസ്റ്റ് ഗ്രൗണ്ടില്‍ മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി സമരം ഉദ്ഘാടനം ചെയ്യുമെന്ന്്് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, കണ്‍വീനര്‍ വി കുഞ്ഞാലി, മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ പത്തിന് ആരംഭിക്കുന്ന സമരം ആറിന് രാവിലെ പത്തിന് സമാപിക്കും. സമാപനയോഗം കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. കേരള സര്‍ക്കാര്‍ രാഷ്ട്രീയഫാഷിസവും കേന്ദ്രം വര്‍ഗീയ ഫാഷിസവുമാണ് നടപ്പാക്കുന്നതെന്ന് അഡ്വ. പി ശങ്കരന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 19  രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ഇതില്‍ എട്ടും കണ്ണൂരായിരുന്നു. എല്ലാം ശരിയാക്കുമെന്ന വാഗ്ദാനവുമായി രംഗത്ത് വന്ന പിണറായി ജനങ്ങളുടെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി വെട്ടിക്കുറക്കുകയാണുണ്ടായത്. മോദി രാജ്യത്തിന്റെ മതേതര മുഖം തകര്‍ക്കുകയാണ്. ഗൗരിലങ്കേഷിന്റെ കൊലപാതകം ഒടുവിലത്തെ ഉദാഹരണമാണ്. അഡ്വ. ശങ്കരന്‍ പറഞ്ഞു. യുഡിഎഫിന്റെ സമരചരിത്രത്തില്‍ ഏറ്റവും ശക്തമായ പ്രക്ഷോഭമാണ് രാപകല്‍ സമരമെന്ന് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങളില്‍ പ്രയാസമനുഭവിക്കുന്ന ജനം സമരം ഏറ്റെടുക്കും എന്ന കാര്യത്തില്‍ സംശയമില്ല. രാജ്യത്ത് അന്തച്ഛിദ്രം ഉണ്ടാക്കാനാണ് മോദി പരിശ്രമിക്കുന്നത്. വൈവിധ്യത്തില്‍ ഊന്നിയ നാടിന്റെ സാംസ്‌കാരിക മുഖം വികൃതമാക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കും. ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്, സിഎംപി ജില്ലാ സെക്രട്ടറി ജി നാരായണന്‍കുട്ടി, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി മനോജ് ശങ്കരനല്ലൂര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it