Flash News

കേന്ദ്ര ബജറ്റ്: എന്‍ഡിഎയില്‍ ഭിന്നത

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റിനെതിരേ ഭരണസഖ്യമായ എന്‍ഡിഎയില്‍ ഭിന്നത. 2018-19 വര്‍ഷത്തേക്കുള്ള പൊതുബജറ്റിനെതിരേ എന്‍ഡിഎയിലെ പ്രധാന ഘടകകക്ഷിയായ തെലുഗുദേശം പാര്‍ട്ടി(ടിഡിപി)യും ബിജെപിക്കെതിരേ പരസ്യമായി രംഗത്തെത്തി. സംഘപരിവാര തൊഴിലാളി സംഘടനയായ ബിഎംഎസ് നേരത്തേ തന്നെ ബജറ്റിനെതിരേ പരസ്യമായി പ്രതിഷേധമുയര്‍ത്തിയിരുന്നു. ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു ഞായറാഴ്ച ടിഡിപി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. രണ്ടു മാര്‍ഗങ്ങളാണ് തങ്ങള്‍ക്കു മുന്നിലുള്ളതെന്ന് ടിഡിപി എംപി ടി ജി വെങ്കടേഷ് പറഞ്ഞു. ഒന്നുകില്‍ ബിജെപിയുമായുള്ള സഖ്യത്തില്‍ തുടരണം; അല്ലെങ്കില്‍ എംപിമാര്‍ രാജിവച്ച് സഖ്യം അവസാനിപ്പിക്കണം. മുഖ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന്റെ ആവശ്യങ്ങളെയൊന്നും അഭിസംബോധന ചെയ്യാത്ത കേന്ദ്ര ബജറ്റാണ് കഴിഞ്ഞദിവസം അവതരിപ്പിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വളരെ അസംതൃപ്തനാണെന്നും കേന്ദ്ര ശാസ്ത്രസാങ്കേതിക സഹമന്ത്രി വൈ എസ് ചൗധരിയും പറഞ്ഞു. സഖ്യത്തില്‍ തുടര്‍ന്നുകൊണ്ടു തന്നെ തങ്ങളുടെ വിഹിതത്തിനായി പോരാടുമെന്നും 2019ലെ തിരഞ്ഞെടുപ്പു വരെ അതിനായുള്ള സമ്മര്‍ദം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തില്‍ തുടരാന്‍ ബിജെപിക്ക് താല്‍പര്യമില്ലെങ്കില്‍ തങ്ങള്‍ സ്വന്തം വഴി സ്വീകരിക്കുമെന്ന് ചന്ദ്രബാബു നായിഡു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്‍ഡിഎയിലെ മറ്റൊരു പ്രധാന കക്ഷിയായ ജെഡിയുവും കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ എല്‍ജെപിയും കേന്ദ്ര ബജറ്റില്‍ അസംതൃപ്തരാണെന്നാണ് റിപോര്‍ട്ട്. എല്‍ജെപി 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പായി എന്‍ഡിഎ വിട്ടേക്കുമെന്നും സൂചനയുണ്ട്.
Next Story

RELATED STORIES

Share it