കേന്ദ്ര നയത്തിനെതിരേ തീവ്രസമരം അനിവാര്യമെന്ന് സിഐടിയു

കോഴിക്കോട്: രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ തീവ്ര സമരങ്ങള്‍ അനിവാര്യമാണെന്ന് സിഐടിയു ജനറല്‍ കൗണ്‍സില്‍. ജനറല്‍ സെക്രട്ടറി തപന്‍സെന്‍ വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരേ ശക്തമായ സമരത്തിന് സംഘടന നേതൃത്വം നല്‍കുമെന്ന് അറിയിച്ചത്.
കര്‍ഷകസമരങ്ങളുമായി തൊഴിലാളി  പ്രക്ഷോഭങ്ങളെ കണ്ണിചേര്‍ക്കും. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും മിനിമം കൂലിയും സാമൂഹിക സുരക്ഷയും നിഷേധിക്കപ്പെടുന്നതടക്കം രാജ്യത്തെ തൊഴിലാളികളും കര്‍ഷകരും നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളും വെല്ലുവിളികളും ജനറല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ച പൂര്‍ത്തിയായ ശേഷം ഭാവി പരിപാടികളെക്കുറിച്ച് ജനറല്‍ കൗണ്‍സില്‍ തീരുമാനമെടുക്കും. സിഐടിയുവിന്റെ സ്വതന്ത്ര സമരങ്ങള്‍ക്കും സംയുക്ത സമരങ്ങള്‍ക്കും ഒരു പോലെ രൂപം നല്‍കും. വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളികളെ  യഥേഷ്ടം പിരിച്ചുവിടാന്‍ മുതലാളിമാര്‍ക്ക് മോദി സര്‍ക്കാര്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. 1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്റിങ് ഓര്‍ഡറുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഈയിടെ മോദി സര്‍ക്കാര്‍ ഭേദഗതി ചെയ്തത് തൊഴിലാളികള്‍ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. മൂന്നോ നാലോ മാസത്തേക്ക് തൊഴിലാളികളെ ജോലിക്ക്  നിര്‍ത്തി സ്വേച്ഛാപരമായി പിരിച്ചുവിടാന്‍ ഇത് വഴിയൊരുക്കും.
സിഐടിയുവിന്റെ നേതൃത്വത്തില്‍ ഇതിനകം രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സമരങ്ങള്‍ നടന്നു. സമ്പദ്ഘടന വളര്‍ച്ച നേടുകയാണെന്ന് കേന്ദ്രം അവകാശപ്പെടുന്നുണ്ടെങ്കില്‍ തൊഴില്‍ സൃഷ്ടിയില്‍ പിന്നോട്ടടിയാണ്.
കാര്‍ഷികേതര തൊഴിലിന്റെ 75 ശതമാനവും ഉള്‍പ്പെടുന്ന എട്ട് സുപ്രധാന മേഖലകളില്‍ തൊഴില്‍ വളര്‍ച്ച ഇടിയുകയാണ്. പ്രതിവര്‍ഷം രണ്ടു കോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരമേറിയ മോദി സര്‍ക്കാരിന് ഈ മേഖലയില്‍  മൂന്നുവര്‍ഷത്തിനകം മൂന്നര ലക്ഷം തൊഴില്‍ സൃഷ്ടിക്കാനേ കഴിഞ്ഞുള്ളൂ. വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതുമൂലം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം കൂടിയെടുത്താല്‍ തൊഴില്‍ നഷ്ടത്തിന്റെ തീവ്രത ബോധ്യമാവുമെന്നും തപന്‍സെന്‍ പറഞ്ഞു.
സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുകുന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it