Flash News

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ പുതുക്കാന്‍ അനുമതി



ന്യൂഡല്‍ഹി: ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ പുതുക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ ശമ്പളത്തില്‍ 23.8 ശതമാനത്തിന്റെ ആകെ വര്‍ധനയുണ്ടാവും. ഏഴാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കിയിട്ട് ഒരു വര്‍ഷമായെങ്കിലും അലവന്‍സുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഇതോടെ ശമ്പളക്കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കിയിട്ടും 14.3 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നത്. ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം കടന്നവര്‍ക്ക് വീട്ടുവാടകയില്‍ 3 ശതമാനം വര്‍ധനയുണ്ടാവും. നേരത്തേ 50 ശതമാനം ക്ഷാമബത്ത കടന്നവര്‍ക്ക് മാത്രമായിരുന്നു വീട്ടുവാടകവര്‍ധനയ്ക്ക് അവകാശമുണ്ടായിരുന്നത്. അലവന്‍സുകള്‍ വെട്ടിച്ചുരുക്കാന്‍ ഏഴാം ശമ്പളക്കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ ജീവനക്കാരുടെ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ധനകാര്യസെക്രട്ടറി അശോക് ലാവാസെയെ ചുമതലപ്പെടുത്തിയിരുന്നു. ലാവാസെ ഏപ്രില്‍ 27ന് റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ജൂലൈ മാസത്തിലെ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും വര്‍ധന നടപ്പാക്കുക. കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീട്ടുവാടക ബത്ത ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത നിരക്ക് നിലനിര്‍ത്തി. എക്‌സ്, വൈ, സെഡ് വിഭാഗങ്ങളായി അടിസ്ഥാന ശമ്പളത്തിന്റെ 24 ശതമാനം, 16 ശതമാനം, 8 ശതമാനം എന്നിങ്ങനെയായിരിക്കും വീട്ടുവാടക ബത്ത ലഭിക്കുക. ഇത് യഥാക്രമം 27 ശതമാനം, 18 ശതമാനം, 9 ശതമാനം  എന്നീ അനുപാതത്തില്‍ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശയുണ്ടായിരുന്നെങ്കിലും അംഗീകരിച്ചില്ല. ഈ മൂന്നു വിഭാഗങ്ങളിലും വീട്ടുവാടക ബത്ത യഥാക്രമം 5400, 3600, 1800 എന്നിവയില്‍ കുറയരുത് എന്ന ഭേദഗതിയും വരുത്തിയിട്ടുണ്ട്. ആശുപത്രി ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും അലവന്‍സിലും മാറ്റം വരുത്തി. നഴ്‌സിങ് അലവന്‍സ് 4800 രൂപയില്‍ നിന്ന് 7200 രൂപയായി വര്‍ധിപ്പിച്ചു. ഓപറേഷന്‍ തിയേറ്റര്‍ അലവന്‍സ് 360 രൂപയായിരുന്നത് 540 രൂപയാക്കി. രോഗികളുടെ സഹായികള്‍ക്ക് നല്‍കുന്ന ബത്ത 20702100 ആയിരുന്നത് 4100-5300 സ്ലാബിലേക്ക് ഉയര്‍ത്തി.
Next Story

RELATED STORIES

Share it