കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം പൂര്‍ത്തിയായി

തിരുവനന്തപുരം: ഓഖി ദുരന്തത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ നഷ്ടം നേരിട്ട് മനസ്സിലാക്കുന്നതിനെത്തിയ കേന്ദ്രസംഘത്തിന്റെ ദുരന്തപ്രദേശങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയായി. കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളിലായിരുന്നു ഇന്നലെ സംഘത്തിന്റെ സന്ദര്‍ശനം.കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത നിവാരണ വിഭാഗം അഡീഷനല്‍ സെക്രട്ടറി ബിപിന്‍ മാലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസി. കമ്മീഷണര്‍ ഡോ. സഞ്ജയ് പാണ്‌ഡേ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് 26 മുതല്‍ മൂന്നുദിവസം സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് 133 കോടി രൂപ കഴിഞ്ഞ ദിവസം കേന്ദ്രസംഘത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. അന്തിമ റിപോര്‍ട്ട് തയ്യാറാക്കുന്നതിനായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, റവന്യൂ വകുപ്പിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഇന്ന് ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തും. അന്തിമ റിപോര്‍ട്ടുകൂടി സമര്‍പ്പിച്ച ശേഷമേ കൂടുതല്‍ തുക ദുരന്തനിവാരണത്തിനായി സംസ്ഥാനത്തിന് അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളൂ. 26ന് പൂന്തുറയില്‍ നിന്നാണു സംഘത്തിന്റെ സന്ദര്‍ശനം ആരംഭിച്ചത്. ഓഖി ദുരന്തം ആഞ്ഞടിച്ച മിക്ക തീരപ്രദേശവും മല്‍സ്യത്തൊഴിലാളികളുടെ വീടുകളും സംഘം സന്ദര്‍ശിച്ചിരുന്നു. യുഡിഎഫ്, ബിജെപി പ്രതിനിധി സംഘങ്ങളും ഈ ദിവസങ്ങില്‍ സംഘത്തലവന്‍ ബിപിന്‍ മല്ലിക്കിനെ സന്ദര്‍ശിച്ചു നിവേദനം കൈമാറിയിരുന്നു.  26നു തന്നെ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി മാലിക് കൂടിക്കാഴ്ച നടത്തി. മല്‍സ്യബന്ധന മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ദീര്‍ഘകാല പദ്ധതികളെ സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിക്കുമെന്ന് ബിപിന്‍ മാലിക് വ്യക്തമാക്കിയിട്ടുണ്ട്. തീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനു യുവ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന നിര്‍ദേശമാണ് അദ്ദേഹം പ്രധാനമായും മുന്നോട്ടുവച്ചത്. കേന്ദ്രസംഘം സംസ്ഥാനം വിട്ടാലും വിവിധ സേനാവിഭാഗങ്ങള്‍ കടലില്‍ നടത്തുന്ന തിരച്ചില്‍ തുടരും. അതിനിടെ കാണാതായവരുടെ കണക്കില്‍ വ്യക്തത വരുത്താന്‍ സാധിക്കാത്തതില്‍ മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുകയാണ്.
Next Story

RELATED STORIES

Share it