Flash News

കേന്ദ്രനയം: കന്നുകാലി വളര്‍ത്തല്‍ വലിയ ബാധ്യത-മന്ത്രി വി എസ് സുനില്‍കുമാര്‍



കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ കന്നുകാലികളെ വളര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണു കേരളത്തിലുള്ളതെന്നു മന്ത്രി വി എസ് സുനില്‍കുമാര്‍. കന്നുകാലി വളര്‍ത്തല്‍ കൃഷിക്കാര്‍ക്കു വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. അതേസമയം, പട്ടിയെ വളര്‍ത്തുന്നതിന് ഒരുദിവസം 300 രൂപ വരെ ചെലവഴിക്കുന്നവരുണ്ട്. ക ര്‍ഷകന്‍ പാലിന്റെ വില കൂട്ടിയാലാണ് പ്രശ്‌നം. 24 മണിക്കൂറും കഷ്ടപ്പെട്ടാണ് കര്‍ഷകര്‍ പശുവിനെ വളര്‍ത്തിക്കൊണ്ടുവരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് സംഘടിപ്പിച്ച കാര്‍ഷിക കേരളം- ഭാവിയും വെല്ലുവിളികളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ഓണത്തിന് ഒരുമുറം പച്ചക്കറി എന്റെ വീട്ടില്‍ എന്ന മുദ്രാവാക്യമാണ് വരുന്ന ഓണക്കാലത്ത് കൃഷിവകുപ്പ് മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ഓണത്തിന് മുമ്പ് കേരളത്തിലെ 68 ലക്ഷം കുടുംബങ്ങള്‍ക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം 15,000 ഏക്കര്‍ തരിശുനിലത്തിലാണു കൃഷിയിറക്കിയത്. 1.92 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് ഇപ്പോള്‍ നെല്‍കൃഷിയുള്ളത്. അത് മൂന്നുലക്ഷം ഹെക്ടറിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയാണു ലക്ഷ്യം. കാര്‍ഷികമേഖലയില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ സാധ്യത കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം.  ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു കര്‍ഷകനും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടാവില്ല. കൃഷിക്കാര്‍ക്ക് ആത്മവിശ്വാസവും സംരക്ഷണവും ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹരിതകേരളം പച്ചക്കറി വികസന പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും അവാര്‍ഡ് വിതരണവും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. സി കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികം ബഹിഷ്‌കരിക്കാനുള്ള യുഡിഎഫ് തീരുമാനത്തിന്റെ ഭാഗമായി പ്രതിപക്ഷത്തുനിന്നാരും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.
Next Story

RELATED STORIES

Share it